മഹാരാജാസ് കോളജിന്റെ ഓട്ടോണോമസ് പദവി നഷ്ടപ്പെടുമെന്നത് വ്യാജ പ്രചരണമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. കോളജിന്റെ ഓട്ടോണമസ് പദവി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. വിദ്യാര്‍ഥികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇതു സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും മന്ത്രി പറഞ്ഞു. ഓട്ടോണമസ് പദവി നീട്ടി നല്‍കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഷജീല ബീവി. പദവി നീട്ടി നല്‍കണമെന്ന് 2019 ല്‍ തന്നെ അപേക്ഷിച്ചതാണെന്നും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ആശങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. മഹാരാജാസ് കോളജിന് സ്വയംഭരണാവകാശ പദവി നഷ്ടപ്പെട്ടെന്ന് യുജിസിയുടെ വിവരാവകാശരേഖ പുറത്തു വന്നതിനു പിന്നാലെയാണ് വിശദീകരണവുമായി പ്രിന്‍സിപ്പല്‍ രംഗത്തെത്തിയത്.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നു ഷാജില ബീവി പറഞ്ഞു. 2019 ഡിസംബറില്‍ യൂണിവേഴ്‌സിറ്റിക്കു കത്ത് അയച്ചുവെന്നും, 2022 ലാണ് മറുപടിയായി പ്രോപ്പര്‍ ചാനലിലൂടെ അല്ല അപേക്ഷിച്ചതെന്ന് യുജിസി അറിയിച്ചത്. കോളേജില്‍ നിന്നു കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് അപേക്ഷ നല്‍കിയത്. കോളേജിന്റെ അപേക്ഷ പരിശോധിക്കാന്‍ യുജിസിക്ക് കാലതാമസം ഉണ്ടായെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
സേവ് യൂണിവേഴ്‌സിറ്റി ഫോറം ഉന്നയിക്കുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടടേണ്ട സാഹചര്യമില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സ്ഥാപനം ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നതെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഷാജില ബീവി പറഞ്ഞു.
എന്നാല്‍, മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കിയിട്ടില്ലെന്ന് യുജിസി വ്യക്തമാക്കി. അംഗീകാരം 2020 മാര്‍ച്ച് വരെ മാത്രമാണെന്നും ഓട്ടോണമസ് പദവി നീട്ടി നല്‍കുന്നതിനായി കോളേജ് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും യു ജി സി വ്യക്തമാക്കുന്നു. വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. ഓട്ടണോമസ് പദവി നഷ്ടമായതോടെ 2020 മാര്‍ച്ചിന് ശേഷം കോളേജ് നടത്തിയ പരീക്ഷകള്‍ അസാധുവാകും.
ഓട്ടോണമസ് പദവി നഷ്ടപ്പെട്ടതിന് പിന്നാലെ മഹാരാജാസ് കോളേജിന്റെ അഫിലിയേഷന്‍എം ജി സര്‍വകലാശാല നേരിട്ട് ഏറ്റെടുക്കണമെന്നും പദവി നഷ്ടപ്പെടുത്തിയ കോളേജ് അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി നിവേദനം നല്‍കി.