തിരഞ്ഞെടുപ്പിന് പിന്നാലെ തൃശൂർ ജില്ലയിലെ ബി.ജെ.പിയിൽ വീണ്ടും കലഹം. അസ്വാരസ്യങ്ങളെ തുടർന്ന് മഹിളാ മോര്‍ച്ച നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. മഹിളമോർച്ച തൃശൂർ നിയോജക മണ്ഡലം പ്രസിഡൻറും ജില്ല ഭാരവാഹിയുമായ ഉഷ മരുതൂർ ആണ് രാജിവെച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ പുതൂർക്കര ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർത്ഥി യായിരുന്നു. ജില്ല നേതൃത്വത്തിൻെറ സ്ത്രീവിരുദ്ധ നിലപാടും അവഗണനയുമാണ് രാജിക്ക് കാരണമെന്ന് പറയുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിലെ സ്ഥാനാർത്ഥിയായിരുന്ന മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് നിവേദിതയുടെ പത്രിക തള്ളിയതിനെ തുടർന്ന് ഗുരുവായൂർ ബി.ജെ.പിയിലും കലഹമാണ്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതെ പോയ രണ്ട് മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂർ. ബിജെപി സംസ്ഥാന അദ്ധ്യ ക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് ഗുരുവായൂരിലേയും തലശ്ശേരിയിലേയും എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയത്. എന്നാൽ ഇതിനെതിരെ പാർട്ടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് ഒരുവിഭാഗം പ്രവർത്തകർ രംഗത്തു വരാതിരുന്നതും വിവാദമായിരുന്നു. കഴിഞ്ഞദിവസം രണ്ടിടങ്ങളിൽ ഇവർ യോഗം ചേർന്നതായും പറയുന്നു.
തൃശൂരിലെ സ്ഥാനാർത്ഥി സുരേഷ്ഗോപി ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് പറഞ്ഞതും ഗുരുവായൂരിലെ പ്രവർത്തകരുടെ എതിർപ്പിനിടയാക്കിയിരുന്നു. അതിനാൽ വോട്ട് ചെയ്യാതെയാണ് പലരും പ്രതിഷേധിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് കോർപ്പ റേഷൻ കൗൺസിലറും മണ്ഡലം ഭാരവാഹിയുമായിരുന്ന ഐ. ലളിതാംബികയും രാജിവെച്ചിരുന്നു. അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു അവരുടെയും രാജി.