ലൈംഗിക പീഡന കേസില്‍ പ്രതിയായ കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. പരാതികള്‍ കെട്ടിച്ചമച്ചതാണെന്നാണ് വാദം. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. വിവാഹ മേക്കപ്പ് ചെയ്യുന്നതിനിടെ പീഡിപ്പിച്ചുവെന്ന് കാണിച്ച് നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. നാല് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ലൈംഗിക പീഡനം നേരിട്ടു എന്നാരോപിച്ച് ഓസ്ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ടക്കാരിയാണ് അവസാനം പരാതി നല്‍കിയത്.
പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചിരുന്നു. നാല് ദിവസം മുമ്പ് ഇയാള്‍ തിരിച്ചെത്തിയെന്നാണ് പൊലീസ് പറഞ്ഞത്. പ്രതിയുടെ പാസ്‌പോര്‍ട്ട് പൊലീസിന് ലഭിച്ചു.
വൈറ്റില ചളിക്കവട്ടത്തെ യുണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ്പ് സ്ഥാപനത്തിന്റെ ഉടമയാണ് അനീസ് അന്‍സാരി. അനീസിന്റെ സലൂണിലെത്തിയ ഒരു യുവതി തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.പിിന്നാലെ നിരവധി പേര്‍ മീടൂ ആരോപണവുമായി രംഗത്തെത്തി.
പ്രതി അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും മേക്കപ്പ് ട്രയല്‍ നോക്കാന്‍ ചെന്നപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും അശ്ലീലച്ചുവയോടെ സംസാരിക്കുകയും മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.