കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; അരക്കിലോ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. അരക്കിലോ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയില്‍. ഞായറാഴ്ച രാവിലെ പുതുക്കലവട്ടത്തെ വാടകവീട്ടില്‍നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത്. കൊച്ചിയില്‍ കുടിവെള്ള വിതരണ കച്ചവടം നടത്തിയിരുന്ന മുഹമ്മദ് നിഷാദിനെയാണ് പൊലീസ് 550 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നിഷാദിന്റെ സുഹൃത്ത് ഷാജിയെ ദിവസങ്ങള്‍ക്ക് മുമ്പ് 47 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഷാജിയില്‍ നിന്നാണ് നിഷാദിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് നിഷാദിന്റെ വീടുവളഞ്ഞത്.

തുടര്‍ന്ന് പൊലീസ് വീട്ടുടമയെ വിവരമറിയിച്ച് വീട്ടിലെ വൈദ്യുതഫ്യൂസ് ഊരിവെച്ചു. വൈദ്യുതി പോയതിന് പിന്നാലെ നിഷാദ് വീടിന് പുറത്തിറങ്ങി. ഈസമയത്താണ് വീടിന് പുറത്ത് കാത്തിരുന്ന പൊലീസ് സംഘം ഇയാളെ പിടികൂടിയത്. പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അരക്കിലോ എംഡിഎംഎയും കണ്ടെടുത്തു.