കൃത്യമായ നിയമ, നയ രൂപീകരണത്തിലൂടെ മലയാള സീരിയല്‍, സിനിമ രംഗത്തെ പൂര്‍ണമായും സ്ത്രീ സൗഹൃദമാക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. എല്ലാ മേഖലയിലെയും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്ലാതാക്കുന്ന ഇടപെടലുകളാണ് സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്നത്. സ്ത്രീ സൗഹൃദ തൊഴിലിടത്തോടൊപ്പം ശാക്തീകരണവും സിനിമാരംഗത്ത് നടപ്പിലാക്കി വരികയാണ്.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ അഞ്ച് സിനിമകള്‍ ഇക്കാലയളവില്‍ പ്രദര്‍ശനത്തിനെത്തി. സിനിമയിലെ സാങ്കേതിക മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമായ പരിശീലന പരിപാടികള്‍ വകുപ്പ് സംഘടിപ്പിക്കുന്നു. സിനിമ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനാവശ്യമായ ഒരു ചര്‍ച്ച വേദിയെന്ന നിലയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
മറിച്ചുള്ള വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും അടിസ്ഥാനമില്ല. സ്ത്രീ സൗഹൃദ താമസസ്ഥലങ്ങള്‍ എന്ന ലക്ഷ്യത്തോടെയാണ് സഖി എന്ന പേരില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡോര്‍മെറ്ററി സൗകര്യം ഒരുക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമടക്കം വനിതാ വികസന കോര്‍പ്പറേഷന്‍ നിയന്ത്രിക്കും. ഈ മാതൃകയില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ 15 തിയേറ്റര്‍ സമുച്ചയങ്ങളിലും സ്ത്രീ സൗഹൃദ താമസ സൗകര്യങ്ങള്‍ ആരംഭിക്കാന്‍ കഴിയണം.
Read more
അന്യ സംസ്ഥാന ഭാഷാ സിനിമകള്‍ക്കടക്കം ആവശ്യമായ സാങ്കേതിക സാഹചര്യങ്ങള്‍ കേരളത്തില്‍ ഒരുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണവും കൊച്ചിയിലെ ആധുനിക സ്റ്റുഡിയോയും ഇതിന്റെ ഭാഗമാണ്. സിനിമ ടുറിസ്റ്റ് കേന്ദ്രമെന്ന രീതിയില്‍ കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.