മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ വിടവാങ്ങി. നാല് ദശാബ്ദക്കാലമായി തന്റെ കര്‍മ്മപദത്തില്‍ നിറ സാന്നിധ്യമായിരുന്നു ഹരികുമാര്‍. അര്‍ബുദ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമ്പോഴായിരുന്നു അന്ത്യം. 1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍പ്പൂവ് ആയിരുന്നു ആദ്യ ചിത്രം.

1994ല്‍ എംടിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ സുകൃതം ആയിരുന്നു ഹരികുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയതില്‍ ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം. മമ്മൂട്ടി, ഗൗതമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു. ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍ എന്നിവയാണ് ഹരികുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മറ്റ് പ്രശസ്ത ചിത്രങ്ങള്‍.

Read more

പതിനാറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹരികുമാറിന്റെ അവസാന ചിത്രം എം മുകുന്ദന്റെ തിരക്കഥയില്‍ തയ്യാറാക്കിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ്. 2005, 2008 വര്‍ഷങ്ങളില്‍ ദേശീയ പുരസ്‌കാര ജൂറിയില്‍ അംഗമായും ഹരികുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. ഹരികുമാറിന്റെ മരണ വാര്‍ത്ത അറിഞ്ഞ് നിരവധി സിനിമ പ്രവര്‍ത്തകര്‍ അനുശോചനം അറിയിച്ചു.