ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ (ടിആര്‍പി) മറ്റു ചാനലുകളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്നേറ്റം. രണ്ടാമതുള്ള 24 ന്യൂസിനെക്കാളും 28 പോയിന്റ് അധികം നേടിയാണ് ഏഷ്യാനെറ്റ് കഴിഞ്ഞ ആഴ്ചയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 42 ആഴ്ചയിലെ ടിആര്‍പി റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ 95 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യുസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. തൊട്ടു പുറകിലെത്തിയ 24 ന്യൂസിന് 67 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. ഏഷ്യാനെറ്റുമായി പത്ത് പോയിന്റ് വ്യത്യാസത്തില്‍ മാത്രമാണ് 24 ന്യൂസിന് ഉണ്ടായിരുന്നത്. എന്നാല്‍, റിപ്പോര്‍ട്ടര്‍ ടിവിയുടെ രണ്ടാം വരവോടെ ചാനലിന്റെ പ്രേക്ഷകരില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്.
ടിആര്‍പിയില്‍ മനോരമ ന്യൂസാണ് മൂന്നാംസ്ഥാനത്ത് ഉള്ളത്. 53 പോയിന്റാണ് മനോരമ ന്യൂസ് നേടിയത്. നാലാം സ്ഥാനത്ത് എത്തിയ മാതൃഭൂമി ന്യൂസിന് 41 പോയിന്റുകളാണ് ഉള്ളത്.
കോടികള്‍ മുടക്കി മുഖം മിനുക്കി എത്തിയ റിപ്പോര്‍ട്ടര്‍ ടിവിക്ക് ടിആര്‍പിയില്‍ വലിയ ചലനം ഇതുവരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മൂന്ന് ആഴ്ചയായി പോയിന്റില്‍ മാറ്റം വരുത്താന്‍ ചാനലിന് സാധിച്ചിട്ടില്ല. ഇക്കുറിയും ചാനല്‍ അഞ്ചാം സ്ഥാനത്താണുള്ളത്.
24 ന്യൂസിന്റെയും ജനം ടിവിയുടെയും കുറച്ച് പ്രേക്ഷകരെ പിടിക്കാന്‍ മാത്രമെ റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇതുവരെ സാധിച്ചിട്ടുള്ളൂ. റിപ്പോര്‍ട്ടര്‍ ടിവിയുടെ രണ്ടാം വരവ് ഏറ്റവും ഗുണം ചെയ്തത് മനോരമ ന്യൂസിനും കൈരളി ന്യൂസിനുമാണ്. തങ്ങളുടെ മുന്നിലുള്ള ചാനലുകളിലെ പ്രേക്ഷകര്‍ റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മാറിയതോടെ ടിആര്‍പിയില്‍ ഇരു ചാനലുകള്‍ക്കും മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു.
24 പോയിന്റോടെയാണ് റിപ്പോര്‍ട്ടര്‍ ടിവി അഞ്ചാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. സംഘപരിവാര്‍ ചാനലായ ജനം ടിവിക്കും സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസിനും ഒരേ പോയിന്റുകളാണ് ഉള്ളത്. എന്നാല്‍, സ്‌ട്രൈക്ക് റേറ്റിന്റെ അടിസ്ഥാനത്തില്‍ ജനം ടിവി ആറും കൈരളി ന്യൂസ് ഏഴും സ്ഥാനങ്ങളില്‍ ടിആര്‍പിയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇരു ചാനലുകള്‍ക്കും 19 പോയിന്റുകള്‍ വീതമാണുള്ളത്. പതിവ് പോലെ എട്ടാം സ്ഥാനത്ത് ന്യൂസ് 18 കേരളയാണ്. ടിആര്‍പിയില്‍ 12 പോയിന്റുകള്‍ നേടാന്‍ മാത്രമെ ചാനലിന് സാധിച്ചിട്ടുള്ളൂ.