കടമെടുത്തും സ്വർണം പണയം വെച്ചുമൊക്കെ സ്വരുക്കൂട്ടിയ പണം ഏജൻസികൾക്ക് കൊടുത്ത് വാനോളം സ്വപ്നങ്ങളുമായി യുകെയിലേക്ക് പറന്ന നേഴ്‌സുമാർ അവിടെ ചെയ്യുന്നത് പുല്ലുവെട്ടലും പെയ്ന്റിങ്ങുമടക്കം ജോലികളെന്ന് റിപ്പോർട്ടുകൾ. കൊച്ചിയിലെ ഏജൻസികൾ വഴി യുകെയിൽ എത്തിയ നാനൂറോളം വരുന്ന മലയാളി നേഴ്‌സുമാർ ആറുമാസമായി കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നാട്ടിൽ ലക്ഷങ്ങളുടെ കടവും യുകെയിൽ നിത്യവൃത്തിക്ക് പോലും പണവും ഇല്ലാതായതോടെയാണ് എന്ത് തൊഴിലും ചെയ്യാനുള്ള അവസ്ഥയിലേക്ക് നേഴ്‌സുമാർ എത്തിയത്.
നിർധനർക്ക് ഭക്ഷണം നൽകുന്ന ഫുഡ് ബാങ്കിൽ നിന്ന് ആഹാരം കഴിക്കുന്നവരും ആപ്പിൾ തോട്ടത്തിൽ പണിയെടുക്കുന്നവരും ഉൾപ്പെടെ നിരവധി മലയാളി നേഴ്‌സുമാരാണ് യുകെയിൽ കുടുങ്ങിയിരിക്കുന്നത്. പന്ത്രണ്ടര ലക്ഷത്തോളം രൂപ ഏജസികൾക്ക് നൽകി ഈ വർഷം ആദ്യമാണ് ഇവരിൽ ഭൂരിഭാഗവും യുകെയിലേക്ക് എത്തിയത്. രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പെടെ മൂന്ന് തവണയാണ് ഇവർ പണം നൽകിയത്.
അഭിമുഖ സമയത്ത് രണ്ട് ലക്ഷത്തോളം രൂപ പണമായി നൽകി. ബാങ്ക് അക്കൊണ്ട് വഴി പണം നൽകാൻ നഴ്‌സുമാർ താല്പ്പര്യപ്പെട്ടെങ്കിലും വലിയ ജിഎസ്ടി നല്കേണ്ടിവരുമെന്ന് പറഞ്ഞ് ഏജൻസികൾ പണമായാണ് വാങ്ങിയത്. പിന്നീട് ജോലി ഉറപ്പ് നൽകികൊണ്ടുള്ള കത്തിന് പിന്നാലെ മൂന്നര ലക്ഷവും വിസ സമയത്ത് മൂന്നര ലക്ഷവും ഇവർ നൽകി. എന്നാൽ ഇവർക്ക് ലഭിച്ചത് സന്ദർശക വിസയായിരുന്നു. 15 വയസിൽ താഴെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ നോക്കുന്നതുൾപ്പെടെയുള്ള ജോലി വാഗ്ദാനങ്ങളാണ് ഇവർക്ക് നൽകിയിരുന്നത്.
നഴ്‌സുമാരുടെ അവസ്ഥ ചൂണ്ടിക്കാട്ടി യുകെ ചാപ്റ്റർ ലീഗൽസിൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നിവേദനം നൽകിയിരുന്നു. കൂടാതെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിനോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് പ്രവാസി ലീഗൽസിൽ യുകെ ചാപ്റ്റർ കോർഡിനേറ്റർ സോണിയ സണ്ണി പറഞ്ഞു. തങ്ങളുടെ ശോനീയാവസ്ഥയ്ക്ക് ഇതിലൂടെ പരിഹാരം കാണാനാവുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ.