തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയെ അര്‍മേനിയയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്നതായി പരാതി. ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു എന്ന യുവാവിനെയാണ് അര്‍മേനിയയില്‍ ബന്ദിയാക്കി നാട്ടിലുള്ള കുടുംബത്തോട് മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ രണ്ടര ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ യുവാവിനെ വധിക്കുമെന്നാണ് ഭീഷണി.
വിഷ്ണുവിന് മേല്‍ തൊഴിലിടത്തെ സാമ്പത്തിക ബാധ്യത ആരോപിച്ചാണ് പണം ആവശ്യപ്പെടുന്നത്. യുവാവിനെ തോക്ക് ചൂണ്ടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കുടുംബത്തെ വീഡിയോ കോളിലൂടെയാണ് അറിയിച്ചത്. ഇതേ തുടര്‍ന്ന് കുടുംബം നേരത്തെ ഒന്നര ലക്ഷം രൂപ നല്‍കിയെങ്കിലും വിഷ്ണുവിനെ മോചിപ്പിച്ചിരുന്നില്ല.
തുടര്‍ന്ന് രണ്ടര ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ യുവാവിനെ വധിക്കുമെന്നാണ് ഒടുവിലത്തെ ഭീഷണി. മകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണുവിന്റെ അമ്മ ഗീത മുഖ്യമന്ത്രിയ്ക്കും നോര്‍ക്കയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ഹോസ്റ്റല്‍ നടത്തിപ്പിനായാണ് വിഷ്ണു അര്‍മേനിയയിലേക്ക് പോയത്.
യുവാവ് ഇതിനായി എട്ടര ലക്ഷം രൂപ ചെലവഴിച്ചിരുന്നതായി അമ്മ പറയുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ വിഷ്ണുവിനെ ഹോസ്റ്റല്‍ ഏല്‍പ്പിച്ച് സ്ഥലം വിട്ടു. ഹോസ്റ്റലിലെ താമസക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് ഹോസ്റ്റല്‍ ഉടമസ്ഥന്‍ വിഷ്ണുവിനെ ബന്ദിയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.