ജസ്റ്റീസ് ഫോര്‍ ശ്രീജിത്ത് മുദ്രാവാക്യങ്ങള്‍ക്കിടെ സഹോദരങ്ങളെ താറടിച്ചുകാണിക്കാന്‍ ദുഷ്പ്രചരണങ്ങള്‍; അവര്‍ ഏതറ്റവും വരെ പോകാന്‍ ശേഷിയുള്ളവരെന്ന് ശ്രീജിത്ത്

ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് മുദ്രാവാക്യങ്ങള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും മുഴങ്ങി കേള്‍ക്കുന്നതിനിടെ കല്ലുകടിയായി അനുജന്‍ ശ്രീജിവിന് എതിരെയുള്ള ദുഷ്പ്രചരണങ്ങള്‍. ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ശ്രീജീവിനെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത്.

ശ്രീജിത്തിന് സമൂഹത്തിന്‍റെ നാനാ തുറകളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് കൗണ്ടറായാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഒരു വിഭാഗം ആളുകള്‍ ഉയര്‍ത്തുന്നത്. ശ്രീജീവിനെ ഗോവിന്ദച്ചാമിയോട് വരെ താരതമ്യം ചെയ്യുന്ന ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട് എന്നത് യുക്തിബോധമുള്ള ആളുകളെ നാണിപ്പിക്കുന്നു.

പേരും നാളുമില്ലാത്ത വാട്ട്‌സ്ആപ്പ് ഫോര്‍വേഡ് മെസേജുകളിലൂടെയാണ് ശ്രീജീവിനെ വ്യക്തിഹത്യ നടത്തുന്ന പ്രചരണങ്ങള്‍ ഏറ്റവും അധികം നടക്കുന്നത്. ശ്രീജീവിനെ മോശക്കാരനാക്കിയും കള്ളനാക്കിയും നടത്തുന്ന പ്രചരണങ്ങളില്‍ അവന്‍ മരണം അര്‍ഹിക്കുന്നുവെന്ന വാചകങ്ങള്‍ വരെയുണ്ട്. രണ്ടു വര്‍ഷത്തിലേറെയായി സെക്രട്ടേറിയേറ്റ് പടിക്കല്‍ സര്‍വവും ഉപേക്ഷിച്ച് കിടക്കുന്ന ശ്രീജിത്തിന് വ്യക്തിതാല്‍പര്യങ്ങളുണ്ടെന്നും ഇത്തരക്കാര്‍ ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയയിലെ ആളുകള്‍ ശ്രീജിത്തിനെ പിന്തുണയ്ക്കുന്നതിന് കാരണം അവര്‍ക്ക് സത്യം അറിയാത്തത് കൊണ്ടാണെന്നും ഇതാണ് സത്യമെന്നുമുള്ള കുറിപ്പുകളോടെയാണ് വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ശ്രീജിത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇത്തരം സന്ദേശങ്ങള്‍ക്കുള്ളത്.

ശ്രീജീവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അയാള്‍ വിഷംകഴിച്ചാണ് മരിച്ചതെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. രണ്ടര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് അയാള്‍ മോഷ്ടിച്ചത്. അയാള്‍ എങ്ങനെ നിഷ്‌കളങ്കനാകും തുടങ്ങിയ വാചകങ്ങളാണ് മെസേജുകളില്‍ ഉള്ളത്.

തന്നെയുമല്ല ശ്രീജിവൊരു സ്ത്രീലമ്പടനാണെന്നും സ്ത്രീകളെ പറ്റിച്ചിട്ടുള്ളവനാണെന്നും യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ എഴുതി വിടുന്നവര്‍ ശ്രീജിത്തിന്റെ സമരത്തിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ ജോലിയാണെന്നും ആരോപിക്കുന്നു. പാറശ്ശാലയിലെ കാട്ടാളന്മാരായ പൊലീസ് ഉദ്യോഗസ്ഥരെ ഇത്തരം സന്ദേശങ്ങളില്‍ ന്യായീകരിക്കുന്നുണ്ട്. ശ്രീജീവ് മരിച്ചത് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണെന്നും ഇതെങ്ങനെ കസ്റ്റഡി മരണമാകുമെന്നും അവര്‍ ചോദിക്കുന്നു. നിങ്ങള്‍ ലക്ഷ്യംവെയ്ക്കുന്ന പൊലീസുകാര്‍ക്കും കുടുംബമുണ്ടെന്നും ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുമെന്നും കുറിപ്പുകളില്‍ ഭീഷണിയുണ്ട്.

ഇത്തരം വ്യാജ സന്ദേശങ്ങളെക്കുറിച്ച് ശ്രീജിത്തിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ.

“ഒരാള്‍ ക്രിമിനലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അയാള്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കേണ്ടതെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്.
എന്റെ സഹോദരന്‍ എത്തരക്കാരനായിരുന്നാലും അവനെ കോടതിയില്‍ ഹാജരാക്കണമായിരുന്നു. എനിക്ക് മനസ്സിലായ ഒരു കാര്യം പൊലീസുകാരില്‍ ചിലര്‍ കഠിന ഹൃദയരാണെന്നും ഞങ്ങളുമായി സഹകരിക്കാതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്നുമാണ്. എന്നെയും എന്റെ സഹോദരനെയും താറടിച്ചു കാണിക്കാനും മോശക്കാരാക്കാനും ശേഷിയുള്ളവരാണ് അവര്‍”

കടപ്പാട് ദ് ന്യൂസ്മിനിറ്റ്‌