സൗദിയുവതിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചെന്ന വാര്‍ത്തകള്‍ തള്ളി വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍ (മല്ലു ട്രാവലര്‍). പൊലീസ് ഇതുവരെ തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഒരാള്‍ കള്ളക്കേസ് കൊടുത്തതിന്റെ പേരില്‍ ഉടന്‍ നാട്ടിലേക്കു വരേണ്ട കാര്യമില്ലെന്ന് ഷാക്കിര്‍ ചൂണ്ടിക്കാട്ടി. പൊലീസോ കോടതിയോ ആവശ്യപ്പെട്ടാല്‍ മാത്രമേ വരേണ്ടതുള്ളൂ. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ പദ്ധതിയിട്ടിരുന്ന എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷമേ മടങ്ങൂ എന്നും ഷാക്കിര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മല്ലു ട്രാവലറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
1. ഒത്തുതീര്‍പ്പിനു ക്ഷണിച്ചിട്ടില്ല. ശ്രമിക്കുകയും ഇല്ല.
2. ലുക്ക്ഔട്ട് നോട്ടിസ് ഇതുവരെ ഇറക്കിയിട്ടില്ല. അതെല്ലാം വ്യാജമാണ്.
ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ഞാന്‍ പറഞ്ഞു. ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നുവച്ച് ഉടന്‍ നാട്ടില്‍ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നതിനാണോ ഞാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്, അതെല്ലാം പൂര്‍ത്തിയാക്കിയിട്ടേ വരൂ. അതിനിടയില്‍ കേസുമായി ബന്ധപ്പെട്ട് പൊലീസോ കോടതിയോ വരാന്‍ പറഞ്ഞാല്‍ മാത്രമേ വരേണ്ട കാര്യമുള്ളൂ.
(ആത്മവിശ്വാസത്തിന്റെ കാരണം കൂടി പറയട്ടെ: ഇത് കള്ളക്കേസാണെന്ന് 1000000% തെളിയിക്കുന്ന എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്. അത് കോടതിയെ ബോധ്യപ്പെടുത്തണം എന്ന കടമ്പ മാത്രമേയുള്ളൂ)
അതുവരെ അവര്‍ ആഘോഷിക്കട്ടെ. അതുകഴിഞ്ഞ് നമുക്ക് ആഘോഷിക്കാം.
മല്ലു ട്രാവലര്‍ സെപ്റ്റംബര്‍ 13ന് എറണാകുളത്തെ ഹോട്ടലില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയത്. അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. അഭിമുഖത്തിനായി ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു.