ഇന്ധന അളവില്‍ വന്‍തോതില്‍ കൃത്രിമം ; 140 മില്ലി വരെ കുറയ്ക്കുന്നു, മായം ചേര്‍ക്കലും ധാരാളം

മധ്യകേരളത്തിലെ പമ്പുകളില്‍ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവില്‍ വന്‍ കൃത്രിമം നടന്നതായി റിപ്പോര്‍ട്ട്. ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയില്‍ പത്ത് ലീറ്റര്‍ ഇന്ധനത്തില്‍ 140 മില്ലി വരെ കുറവ് കണ്ടെത്തിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൂബ്രിക്കന്റ് ഓയിലിനു എംആര്‍പിയേക്കാള്‍ കൂടിയ വില ഈടാക്കുന്നതായും കണ്ടെത്തി. തട്ടിപ്പുനടത്തിയ പമ്പുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു.

എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് പമ്പുകള്‍ ഇന്ധനത്തിന്റെ അളവില്‍ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയത്. പത്ത് ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ 80 മുതല്‍ 140 വരെ മില്ലി ലിറ്റര്‍ വരെ കുറവ് ഉണ്ടാകുന്നുണ്ട്. ലൂബ്രിക്കന്റ് ഓയിലുകള്‍ക്ക് എംആര്‍പിയേക്കാള്‍ ഉയര്‍ന്ന വില ഈടാക്കിയ പമ്പുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരമാവധി വില 263 രൂപയുള്ള ലൂബ്രിക്കന്റുകള്‍ക്ക് 290 രൂപ വരെയാണ് പല പമ്പുകളിലും ഈടാക്കിയിരുന്നത്.

രാത്രികാലങ്ങളില്‍ പമ്പുകളില്‍ കൃത്രിമം നടത്തുന്നുവെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. ഒരേസമയം നാലു ജില്ലകളില്‍ അഞ്ചു സ്‌ക്വാഡുകളായി തിരിഞ്ഞാണ് ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. രാത്രി ഒന്‍പതോടെ ആരംഭിച്ച പരിശോധന പുലര്‍ച്ചെ അഞ്ചുമണി വരെ നീണ്ടു. പമ്പുകള്‍ ഇന്ധനത്തില്‍ മായം ചേര്‍ക്കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ അറിയിച്ചു.