മാമി തിരോധാന കേസിൽ ഒളിവിൽ പോയ ഡ്രൈവർ രജിത് കുമാറിന്റെയും ഭാര്യ തുഷാരയുടെയും മൊഴി രേഖപ്പെടുത്തി. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ക്രൈംബ്രാഞ്ച് കുറ്റവാളിയെ പോലെ തന്നോട് പെരുമാറിയതിൽ തുടർന്നുണ്ടായ മാനസീക സമ്മർദ്ദത്തിലാണ് താനും ഭാര്യ തുഷാരയും മാറി നിന്നതെന്ന് രജിത് കുമാർ. ഗുരുവായൂരിൽ നിന്ന് ഇന്നലെ വൈകിട്ടോടെയാണ് രജിത്തിനെയും ഭാര്യയെയും നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
മാമി തിരോധാനത്തിൽ രണ്ട് തവണ രജിത്തിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. 2024 ഓഗസ്റ്റ് 21-നാണ് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമിയെ കാണാതായത്. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്. പിന്നീട് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കേസ് അന്വേഷണം ശരിയായ വഴിക്കല്ല പോകുന്നതെന്ന് ആരോപിച്ച് എംഎൽഎ പിവി അൻവർ രംഗത്ത് എത്തിയിരുന്നു.