ഗുണ്ടയുടെ കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ 'ഹലോ' അയച്ചു, യുവാവിന് ക്രൂര മർദ്ദനം; വാരിയെല്ലൊടിഞ്ഞു, ശ്വാസകോശത്തിനും ക്ഷതം

ആലപ്പുഴയിൽ ഗുണ്ടയുടെ കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ ‘ഹാലോ’ അയച്ച യുവാവിന് ക്രൂര മർദ്ദനം. യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദിച്ചു. വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റിട്ടുണ്ട്. അതേസമയം ഗുരുതര പരിക്കേറ്റ യുവാവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ അരൂക്കുറ്റിയിലാണ് സംഭവം. അരുക്കുറ്റി പഞ്ചായത്ത് കണിച്ചിക്കാട് ജിബിനാണ് (29) മർദ്ദനമേറ്റത്. നിരവധി കേസുകളിൽ പ്രതിയായ പ്രഭിജിത്, കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് ജിബിൻ്റെ സഹോദരൻ ലിബിൻ പറഞ്ഞു. അതേസമയം മർദ്ദിച്ച യുവാവിൻ്റെ പെൺസുഹൃത്തിന് മെസേജ് അയച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു.

കാറിലെത്തിയ രണ്ടുപേർ അരൂക്കുറ്റി പാലത്തിന് സമീപത്തുനിന്നാണ് ജിബിനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മാത്താനം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിച്ചു മർദിച്ചത്. ജിബിനെ കാറിൽ കയറ്റി ഒഴിഞ്ഞ വീട്ടിലേക്കു കൊണ്ടു പോയി ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പട്ടിക കൊണ്ട് ആഞ്ഞടിച്ചു. കഴുത്തിൽ കയറിട്ടു വലിക്കുകയും ചെയ്തെന്ന് സഹോദരൻ പറഞ്ഞു.

Read more