കോതമംഗലത്ത് ഡെന്‍റല്‍ കോളേജ് വിദ്യാർഥിനി മാനസയെ വെടിവച്ച് കൊന്ന രാഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം പൊലീസ് ബീഹാറിലെത്തി ബിഹാർ പൊലീസിൻ്റെ സഹായത്തോടെ സോനുവിനെ പിടികൂടുകയായിരുന്നു. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ സോനുവും സംഘവും ശ്രമിച്ചെങ്കിലും പൊലീസ് വെടിയുതിർത്തതോടെ ഇവർ കീഴടങ്ങി.
രഖിലിൻ്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. പ്രതിയെ മുൻഗർ കോടതിയിൽ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാൻസിസ്റ്റ് വാറൻ്റ് വാങ്ങി. തുടർന്ന് ഇയാളുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. രാഖിലിനെ പട്നയിൽ നിന്ന് മുൻഗറിലേക്ക് എത്തിച്ച ടാക്സി ഡ്രൈവറെ പൊലീസ് തിരയുന്നുണ്ട്.
ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത രഖിലിനു സ്വന്തം നിലയിൽ ഇത്തരത്തിലുള്ള പിസ്റ്റൾ കൈവശപ്പെടുത്തുക എളുപ്പമല്ലെന്നായിരുന്നു പൊലീസ് നിഗമനം. പണം കൊടുത്താലും കേരളത്തിൽ തോക്കു ലഭിക്കുക എളുപ്പമുള്ള കാര്യവുമല്ല. രഖിൽ സുഹൃത്തിനൊപ്പം ബിഹാറിൽ പോയിരുന്നുവെന്നും കഴിഞ്ഞ 12 മുതൽ 20 വരെ അവിടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നുവെന്നും സൈബർ സെല്ലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്‍റൽ കോളജ് വിദ്യാർഥിനിയായ മാനസയെ രാഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗലൂരുരിൽ എംബിഎ പഠിച്ച് ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖിൽ.