മലയാളികളെ മോഹിപ്പിച്ച് മന്ദാകിനി; കേരളത്തിന്റെ നാടൻ വാറ്റ് കാനഡയില്‍

കേരളത്തില്‍ ഒരുകാലത്ത് സുലഭമായിരുന്ന എന്നാൽ ഇന്ന് നിയമവിരുദ്ധമായിട്ടുള്ള നാടന്‍ വാറ്റ് കാനഡയില്‍ നിര്‍മ്മിച്ച് പേരൊന്ന് പരിഷ്‌കരിച്ചപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കേരളത്തിലെ നാടന്‍ വാറ്റിന് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന സ്റ്റൈലൻ പേരാണ് കാനഡയില്‍ നല്‍കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളാണ് മന്ദാകിനിയെ ഏറ്റെടുത്തത്. ഇതോടെ കാനഡയിലെ മലയാളി കുടിയന്മാരെല്ലാം മന്ദാകിനിക്ക് പുറകെയായി.

ടൊറന്റോയിൽനിന്ന് മുപ്പതോളം കിലോമീറ്റർ അകലെ വോണിലെ ഒരു ഡിസ്റ്റിലറിയിൽ മാത്രമാണ് ഇപ്പോൾ ഇത് ലഭ്യം. 40 കനേഡിയന്‍ ഡോളറാണ് (2300രൂപ) മദ്യത്തിന്റെ വില. കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരും മൂവാറ്റുപുഴക്കാരനായ ഇവരുടെ സുഹൃത്തുമാണ് ആശയത്തിന് പിന്നില്‍. കാനഡയിലെ ലണ്ടൻ ഒന്റാരിയോയിലാണ് ഇവർ.

കരിമ്പിൽനിന്നുള്ള ശർക്കരയാണ് പരമ്പരാഗതമായി വാറ്റിന്റെ അടിസ്ഥാന ചേരുവ. മന്ദാകിനിയും ഇതേ ചേരുവ ഉപയോഗിച്ചു വാറ്റിയാണ് വിപണനം ചെയ്യുന്നത്. ഒറിയാന്റോ പ്രവിശ്യയില്‍ സര്‍ക്കാര്‍ അനുമതി മദ്യനിര്‍മ്മാണത്തിന് ലഭിച്ചതോടെ മന്ദാകിനി-മലബാര്‍ വാറ്റ് വിപണിയിലിറക്കി. വോണിലെ ലാസ്റ്റ് സ്ട്രോ ഡിസ്റ്റിലറിയിലെ ഡോൺ ഡിമോന്റെയുടെ കരവിരുതിലാണ് മന്ദാകിനി വാറ്റിയെടുക്കുന്നത്.

നിലവിൽ ഡോൺ ഡിമോന്റെയുടെ വോണിലുള്ള ഡിസ്റ്റലറിയിൽ മാത്രമാണ് മന്ദാകിനി ലഭ്യമാകൂ. എന്നാൽ രാജ്യാന്തര വിപണിതന്നെയാണ് ഇവരുടെ ലക്ഷ്യം. വോൺ നഗരത്തിലും പരിസരങ്ങളിലും ഊബറിലും സാധനം എത്തും. കാനഡയിൽ എവിടെനിന്നും ഓൺലൈനിൽ ബുക്ക് ചെയ്തും വരുത്തിക്കാം. കുപ്പിയില്‍ നാടൻ വാറ്റ് എന്നതിനുപുറമെ ദേശി ദാരൂ, നാട്ട് ചരക്ക്, നാടൻ വാറ്റ്, നാട്ടു സാര എന്നിങ്ങനെ മലയാളത്തിലും ഹിന്ദിയിലും പഞ്ചാബിയിലും തമിഴിലും തെലുങ്കിലുമെല്ലാം എന്ത് തരം മദ്യമാണ് എന്ന് എഴുതിയിട്ടുണ്ട്. 46 ശതമാനമാണ് മന്ദാകിനിയില്‍ ആല്‍ക്കഹോളിന്റെ അളവ്.

Read more

പ്രശസ്തമായ നദിയുടെ പേരായ മന്ദാകിനിയുടെ അർത്ഥം ‘ശാന്തമായി ഒഴുകുന്നവൾ’ എന്നാണ്. 1985ലിറങ്ങിയ ഹിന്ദി ചിത്രം ‘രാം തേരി ഗംഗാ മെയ്‌ലി’ ഫെയിം നടി മന്ദാകിനിയും ‘മറിയം വന്ന് വിളക്കൂതി’ എന്ന മലയാളം സിനിമയിലെ മന്ദാകിനി എന്ന ലഹരിവസ്തുവും മന്ദാകിനി വാറ്റിന്റെ പേരിടീലിൽ സ്വാധീനിച്ചിട്ടുണ്ട്.