ഫോണ്‍കെണി വിവാദത്തില്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ; റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

ഫോണ്‍കെണി വിവാദത്തില്‍ അന്വേഷണം നടത്തിയ കമ്മീഷന്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി. ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. മംഗളം നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയില്‍ അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

16 ശുപാര്‍ശകളാണ് കമ്മീഷന്‍ നല്‍കിയത്. മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുക, ചാനല്‍ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുക, മന്ത്രിയുടെ ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്തതിന്റെ രാഷ്ട്രീയമാനം പരിശോധിക്കുക തുടങ്ങിയവയായിരുന്നു ശുപാര്‍ശകള്‍. ഇവ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

ഐടി ആക്ട് പ്രകാരം ചാനലിനെതിരെ നടപടി സ്വീകരിക്കും. ചാനലിന് സ്വയം നിയന്ത്രണമില്ലാതിരുന്നത് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ശുപാര്‍ശകളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. റിപ്പോര്‍ട്ട് വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

എ.കെ.ശശീന്ദ്രനെതിരായല്ല, മാധ്യമങ്ങള്‍ക്കെതിരായാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങി വരുന്നതില്‍ തടസങ്ങളില്ലെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാല്‍ അത് തീരുമാനിക്കേണ്ടത് താനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.