സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിൽ എത്തി ഔദ്യോഗികമായി ക്ഷണിക്കും. തുടർന്ന് അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധു പാർട്ടി വിടുന്നത്. മധു മുല്ലശ്ശേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. മധു മുല്ലശേരിക്ക് എതിരെ 70 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. പേരെടുത്ത് പാർട്ടി സഖാക്കൾ എഴുതിയ കത്തുകളാണ് ലഭിച്ചതെന്നും ജോയ് പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ജില്ലാ നേതൃത്വം. സിവിലായും ക്രിമിനലായും കേസ് നൽകും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ജോയ് പറഞ്ഞു.
Read more
തുടർച്ചയായി സാമ്പത്തികവും സംഘടനാവിരുദ്ധവുമായ പരാതികൾ ജില്ലാ നേതൃത്വത്തിന് ലഭിച്ചിരുന്നു. തുടർന്നാണ് ഏരിയാ സെക്രട്ടറിയായി മൂന്നാം ഊഴം നൽകേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം തീരുമാനിച്ചത്. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കുളള അഭിപ്രായ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് മധു സമ്മേളനത്തിൽ നിന്നും തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തുപോകുന്നത്.