അര്‍ദ്ധരാത്രിയിലെ മാങ്ങാ മോഷണം; സേനയ്ക്ക് നാണക്കേടായ പൊലീസുകാരനെ പിരിച്ചുവിടും; നടപടികള്‍ തുടങ്ങി

പഴക്കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാന്‍ ശുപാര്‍ശ. നടപടിയുടെ മുന്നോടിയായി ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് കാരണം കാണിക്കല്‍ നോട്ടിസ് കൈമാറി. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെതിരെയാണു നടപടി.

15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയാണ് സംഭവം. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്.

Read more

പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. കടയുടമ ദൃശ്യമടക്കം നല്‍കിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഷിഹാബിനെ ദേനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.