പരാമര്‍ശം വിവാദമായി; ഉഴവൂരിനെ അധിക്ഷേപിച്ച കാപ്പന്‍ മാപ്പു പറഞ്ഞു

അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച എന്‍സിപി ദേശിയ നേതാവ് മാണി സി കാപ്പന്‍ മാപ്പുപറഞ്ഞു. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും ടി.പി. പീതാംബരന്‍ ഏകാധിപതിയാണെന്നു പറഞ്ഞിട്ടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തിനായി ആരെയും വാടകയ്‌ക്കെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ഉഴവൂര്‍ വിജയനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല. ചീത്തവിളി കേട്ടാല്‍ ആരും മരിക്കില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാണി സി കാപ്പന്റെ പ്രസ്താവന അപലപനീയമെന്നാണ് പാര്‍ട്ടി എം.എല്‍.എയായ എകെ ശശീന്ദ്രന്റെ നിലപാട്. മാണി സി കാപ്പന്‍ പ്രസ്താവന വിവാദമായതോടെ എന്‍സിപി നേതാക്കള്‍ തന്നെ പരസ്യ വിമര്‍ശനവുമായി വന്ന സാഹചര്യത്തിലാണ് കാപ്പന്റെ ക്ഷമാപണം.

പാര്‍ട്ടിക്ക് ഒരു മന്ത്രി സ്ഥാനത്തിനു വേണ്ടി എം.എല്‍എമാരെ ചാക്കിട്ട് പിടിക്കേണ്ട ആവശ്യമില്ലന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. ഗണേഷ് കുമാറിനെയും കോവൂര്‍ കുഞ്ഞുമോനെയും മന്ത്രിയാകാന്‍ ക്ഷണിച്ചിട്ടില്ല. പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെയും മാണി സി കാപ്പന്‍ രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് സംസ്ഥാന പ്രസിഡന്റിന്റെ പല തീരുമാനങ്ങളും എടുക്കുന്നതെന്നും കാപ്പന്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ എന്‍സിപിയില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടാകുമെന്ന് പീതാംബര്‍ മാസ്റ്റര്‍ അറിയിച്ചു. ഇനി താന്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലന്നും അദേഹം വ്യക്തമാക്കി. പാര്‍ട്ടി മന്ത്രിയാകാന്‍ ഒരു എംഎല്‍എമാരെയും സമീപിച്ചിട്ടില്ല. പാര്‍ട്ടിയിലേക്ക് ആര് വന്നാലും സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു.