മാണി ഇടത്തേയ്‌ക്കോ വലത്തേയ്‌ക്കോ ? കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയാകുമ്പോള്‍

ഒരിടവേളയ്ക്ക് ശേഷം കേരളാ കോണ്‍ഗ്രസ് ഇടത്തേയ്‌ക്കോ വലത്തേയ്‌ക്കോ എന്നത് കേരള രാഷ്ട്രീയത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. കഴിഞ്ഞ വര്‍ഷമാണ് മുപ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടത്. ബാര്‍കോഴയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മാണി രാജിവെച്ചതിന് പിന്നാലെയാണ് യുഡിഎഫുമായുള്ള ബന്ധം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ഉപേക്ഷിച്ചത്.

ഏതു മുന്നണിയിലേക്ക് പോകുമെന്ന അനിശ്ചിതത്വം മുഴച്ചുനിന്നപ്പോള്‍ ജോസ് കെ. മാണിയെ കേന്ദ്രത്തില്‍ എത്തിക്കാന്‍ ബിജെപിയുമായി മാണി വിഭാഗം ചര്‍ച്ച നടത്തുകപോലും ചെയ്തിരുന്നു. ജോസ് കെ.മാണി കേന്ദ്രമന്ത്രിയാകുമെന്നും കേരളത്തില്‍ മാണിയും ബിജെപിയും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും വാര്‍ത്തകള്‍ പരന്നു. കോടിയേരി ഉള്‍പ്പെടെുള്ള ഇടതുനേതാക്കള്‍ ഇതിനെതിരെ പരസ്യപ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോയി. നിയമസഭയില്‍ തനിച്ച് നില്‍ക്കുമ്പോഴും വേങ്ങര തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വോട്ടു ചോദിക്കാന്‍ മലപ്പുറത്ത് എത്തിയിരുന്നു.

കോട്ടയത്ത് നടക്കുന്ന കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തിന്റെ ചുവട് പിടിച്ചാണ് മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം വീണ്ടും ചര്‍ച്ചയായത്. ഇന്നത്തെ യോഗത്തില്‍ മുന്നണി പ്രവേശന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും കാര്യമായ പ്രഖ്യാപനങ്ങള്‍ സമ്മേളനത്തിലുണ്ടായില്ല. പാര്‍ട്ടിയുടെ ചെയര്‍മാന്‍ കെഎം മാണിയും വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫുമാണ്. ഇരുവരും തങ്ങളുടെ മനസ്സില്‍ എന്താണെന്നുള്ള കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുന്നണി പ്രവേശന കാര്യം ചോദിക്കുമ്പോഴൊക്കെ എങ്ങും തൊടാത്ത മറുപടിയാണ് മാണിയും ജോസഫും പറയാറുള്ളത്. ജോസ് കെ. മാണിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

തന്റെ പാര്‍ട്ടി ഏതു മുന്നണിക്കൊപ്പമാണെന്ന് വൈകാതെ പ്രഖ്യാപിക്കുമെന്ന് മാത്രമാണ് കെ.എം. മാണിക്ക് ഇന്ന് പറയാനുണ്ടായിരുന്നത്. ചിന്തിച്ച് ഉറപ്പിച്ചു വേണം തീരുമാനമെടുക്കാന്‍, പെട്ടെന്ന് തീരുമാനം എടുക്കാനില്ല. മുന്നണിയില്‍ എടുക്കുമോ എന്ന് ചോദിച്ച് പാര്‍ട്ടി ആരുടെയും അടുത്തേക്ക് പോകില്ല. പാര്‍ട്ടിയുടെ നയം അംഗീകരിക്കുന്നവരോട് മാത്രമെ സഹകരിക്കു, തനിച്ച് നില്‍ക്കുന്നതാണ് സുഖം തുടങ്ങിയവയാണ് പാര്‍ട്ടിയുടെ പുതിയ നിലപാടുളായി മാണി പ്രഖ്യാപിച്ചത്.

മാണിയെ മുന്നണിയിലേക്ക് വന്നാല്‍ അതിനെ എതിര്‍ക്കാതിരിക്കുക എന്ന സുരക്ഷിത നിലപാടാണ് സിപിഐഎമ്മിന് എങ്കില്‍ കള്ളന്മാരെയും കൊള്ളക്കാരെയും കൂട്ടിയല്ല മുന്നണി വികസിപ്പിക്കേണ്ടത് എന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുള്ളത്. ജെഡിയു ആര്‍എസ്പി തുടങ്ങി മുന്നണി വിട്ടുപോയ പാര്‍ട്ടികള്‍ക്ക് തിരിച്ചുവരാം, എ്ന്നാല്‍ മാണി വേണ്ടെന്ന നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ച് ഉന്നയിക്കുന്നത്.

അഴിമതിയുടെ കറപുരണ്ട നേതാവിനെ മുന്നണിയിലേക്ക് കൊണ്ടുവന്ന് ചീത്തപ്പേരുണ്ടാക്കേണ്ടന്ന നിലപാട് സിപിഐഎമ്മിനുണ്ടെങ്കിലും മാണി എന്‍ഡിഎയിലേക്ക് പോകാത്ത തരത്തില്‍ പ്രതിരോധം സൃഷ്ടിക്കണമെന്ന ആവശ്യവും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മാണിയെ രാജിവെപ്പിയ്ക്കാന്‍ സമരം നടത്തിയ പാര്‍ട്ടി തന്നെ പരവതാനി വിരിച്ച് സ്വീകരിക്കുന്നതിലെ വൈരുദ്ധ്യം ഭയന്നാണ് സിപിഐഎം പരസ്യ പ്രസ്താവനകള്‍ക്ക് മുതിരാത്തത്.

കെഎം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഇക്കാര്യം പരസ്യമായി തന്നെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അനുകൂലമായ പ്രതികരണം ഇതുവരെ മാണിയുടെ ഭാഗത്ത്‌നിന്നും ഉണ്ടായിട്ടില്ല.