ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ കുറ്റപത്രം തയ്യാറായെങ്കിലും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
കേസില്‍ പട്ടികജാതി പട്ടിക വര്‍ഗ പീഡന വകുപ്പ് രപ്രകാരം കേസെടുക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്ഥ്വം പിന്‍വലിക്കുന്നതിനായി കോഴ നല്‍കിയെന്നാണ് കേസ്. സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കെ സുരേന്ദ്രനാണ് കേസിലെ പ്രധാനപ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ. മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികള്‍.
മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായ വിവി രമേശന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കോഴ നല്‍കിയതിന് പുറമെ ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വയ്ക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.