മഞ്ചേശ്വരം കോഴക്കേസില്‍ കോഴപ്പണമായി ലഭിച്ച രണ്ടരലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ ഏൽപ്പിച്ചത് സുഹൃത്തിനെയെന്ന് കെ സുന്ദരയുടെ മൊഴി. ബാങ്കിൽ നിക്ഷേപിച്ച ഈ പണം വീണ്ടെടുക്കാൻ അന്വേഷണസംഘം ബാങ്ക് രേഖകൾ ശേഖരിച്ചു. ബാക്കിയുള്ള ഒന്നരലക്ഷം ചെലവായി പോയെന്നാണ് സുന്ദര പറയുന്നത്.
രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നല്‍കിയെന്നായിരുന്നു സുന്ദര പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതില്‍ ഒരുലക്ഷം രൂപയുടെ കാര്യത്തിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. ബിജെപി പ്രവർത്തകർ നൽകിയെന്ന് സുന്ദര പറയുന്ന മൊബൈൽ ഫോൺ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
Read more
നിലവിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ മാത്രം പ്രതിയാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ എന്ന വകുപ്പ് മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പായ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും എഫ്ഐആറിൽ ചേർക്കാനാണ് പൊലീസ് നീക്കം. ഇടപാടുമായി ബന്ധപ്പെട്ട് സുന്ദരയുടെ വീട്ടിലെത്തിയ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്. കൂടുതൽ പ്രാദേശിക നേതാക്കളെയും കേസിൽ പ്രതി ചേർക്കും.