'മനോരമയുടെ ഒക്കെ മനസ്ഥിതി ഏതു നൂറ്റാണ്ടിൽ ആണ്?' ദുരഭിമാനക്കൊലയുടെ വാർത്തയിൽ 'വിക്‌ടിം ബ്‌ളെമിങ്' നടത്തി, മനോരമ ന്യൂസിനെതിരെ വിമർശനമുയരുന്നു

ഇതര ജാതിക്കാരനെ പ്രണയിച്ചതിന് ആന്ധ്രയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ വാർത്ത മനോരമ ന്യൂസ് നൽകിയ രീതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നു. ആന്ധ്ര പ്രദേശിൽ ഇരുപതുകാരിയെ മരത്തിൽ കെട്ടിത്തൂക്കി പെട്രോളൊഴിച്ച് കത്തിച്ച അച്ഛന്റെ വാർത്ത നൽകിയപ്പോൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത തലക്കെട്ടാണ് വിവാദമായത്. അച്ഛൻ മകളെ വളർത്തി വലുതാക്കാനെടുത്ത കഷ്ട്ടപാട് ചൂണ്ടിക്കാട്ടിയായിരുന്നു മനോരമയുടെ തലക്കെട്ട്.

‘പലഹാരങ്ങളുണ്ടാക്കി വീടുതോറും നടന്ന് വിറ്റ് കഷ്ടപ്പെട്ട് താൻ വളർത്തിയ മകൾ, കുടുംബത്തിൻറെ പ്രതീക്ഷകളെല്ലാം തകർത്ത്’ എന്നായിരുന്നു കൊലപാതക വാർത്തയുടെ തലക്കെട്ട്. മനോരമ ന്യൂസിന്റേത് ‘വിക്‌ടിം ബ്‌ളെമിങ്’ ആണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. എഐ ഉപയോഗിച്ച വാർത്തയ്ക്ക് നൽകിയ ചിത്രവും വിമർശിക്കപ്പെടുന്നുണ്ട്. സ്നേഹം തുളുമ്പുന്ന അച്ഛൻ ഇമേജ് ഊട്ടിഉറപ്പിക്കാനാണ് ചിത്രത്തിലൂടെയും ചാനൽ ശ്രമിച്ചതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

‘ജാതിവെറി മൂത്ത ഒരുത്തൻ മകളെ കെട്ടിത്തൂക്കി കൊന്ന വാർത്ത ഒക്കെ ഇങ്ങനെ ന്യായീകരിച്ചു കൊടുക്കണമെങ്കിൽ മനോരമയുടെ ഒക്കെ ആ മനസ്ഥിതി ഏതു നൂറ്റാണ്ടിൽ ആണ്’, ഈ റിപ്പോർട്ട് എഴുതിയവർ ചിന്തിക്കുന്നത് മക്കൾ എന്നാൽ മാതാപിതാക്കളുടെ അടിമകൾ ആണെന്നാണ്’ തുടങ്ങി ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ. വാർത്തയ്‌ക്കെതിരെ ട്രോളുകളും പ്രചരിക്കുന്നുണ്ട്.