കണ്ണൂർ പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂറിന്‍റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവസ്ഥലത്തിന് കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽപീടികയിൽ വെച്ച് പ്രതികൾ ഒരുമിച്ച് കൂടിയതായാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഢാലോചനയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൊലപാതകം നടന്ന ഉടനെ തന്നെ നാട്ടുകാരാണ് ഷിനോസിനെ പിടികൂടി പൊലീസിലേല്‍പ്പിക്കുന്നത്. ആ സമയത്ത് തന്നെ പിടിച്ചുവാങ്ങി നാട്ടുകാര്‍ കോള്‍ ലിസ്റ്റ് എടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തിരച്ചിലടക്കം അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്‍റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്‍റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ദൂരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. രതീഷിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരനടക്കമുള്ളവർ ആരോപിച്ചിരുന്നു. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവു നശിപ്പിക്കുന്നതിന്‍റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമാണ് യുഡിഎഫ് ആരോപണം.
അതേസമയം, രതീഷിന്‍റെ മരണത്തിന് കാരണം കള്ളക്കേസില്‍ കുടുക്കിയതിന്‍റെ മനോവിഷമമാണെന്ന് അമ്മ പത്മിനി പ്രതികരിച്ചു. മകന്‍റെ മരണത്തിനിടയാക്കിയവർക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മിനി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. മൻസൂർ കൊല്ലപ്പെട്ട ദിവസം ലീഗ് പ്രവർത്തകരിൽ നിന്ന് മർദ്ദനമേറ്റിരുന്നതായും പരാതിയിൽ പറയുന്നു. രതീഷിന്‍റെ മരണം ആത്മഹത്യയാണെന്നും ആന്തരിക അവയ പരിശോധനയിൽ കണ്ടെത്തിയ പരിക്കുകൾ തിരഞ്ഞെടുപ്പ് ദിനത്തിൽ സംഭവിച്ച സംഘർഷത്തിനിടയിൽ ഉണ്ടായതാണെന്നുമാണ് സിപിഎം വിലയിരുത്തൽ.