മരടില്‍ ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങള്‍

മരടിലെ നാല് ഫ്‌ളാറ്റില്‍ നിന്നായി 29 കുടുംബങ്ങളാണ് ഇനി ഒഴിയാനുളളത്. ഹോളി ഫെയ്ത് 18, ആല്‍ഫാ 7, ഗോള്‍ഡന്‍ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം. ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകുവാനുള്ള സമയം ഇന്നലെ രാത്രി 12 മണിക്ക് അവസാനിച്ചിരുന്നു. എന്നാല്‍ വീട്ടുപകരണങ്ങള്‍ മാറ്റാന്‍ കൂടുതല്‍ സമയം ജില്ലാ കളക്ടര്‍ അനുവദിച്ചിട്ടുണ്ട്.

സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. സമയക്രമം അനുസരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ശരിയായ മാര്‍ഗ്ഗത്തിലൂടെ അപേക്ഷിച്ചവര്‍ക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചിട്ടുണ്ട്.

വീട്ടുസാധനങ്ങള്‍ മാറ്റുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ സഹായം ഇന്നുമുണ്ടാവും. സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഓരോ ഫ്ളാറ്റുകളിലില്‍ 20 വോളണ്ടിയര്‍മാരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനേയും വിന്യസിച്ചു.

അതേസമയം, ഉടമസ്ഥര്‍ ആരെന്നറിയാതെ 50 ഫ്‌ളാറ്റുകളാണ് ഉള്ളത്. ഇത്തരം ഫ്‌ളാറ്റുകള്‍ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിക്കും.

മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നും ഇതിനുള്ള തുക അനുവദിച്ചത്.

Read more

അതേസമയം മരട് ഫ്‌ളാറ്റ് കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോകുകയാണെന്ന് തച്ചങ്കരി പറഞ്ഞിരുന്നു. കുറ്റകൃത്യം തെളിഞ്ഞുവെന്നും ഇനി കുറ്റക്കാരെ മാത്രം കണ്ടെത്തിയാല്‍ മതിയെന്നും മൂന്നു മാസത്തിനകം കുറ്റപത്രം നല്‍കുമെന്നും തച്ചങ്കരി പറഞ്ഞു.