മരടില്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട കെട്ടിട സമുച്ചയങ്ങളിലെ 345 ഫ്ളാറ്റുകളില്‍ 191 എണ്ണം ഇപ്പോഴും ബില്‍ഡര്‍മാരുടെ പേരിലാണ്. പണം നല്‍കിയെങ്കിലും വാങ്ങിയവര്‍ സ്വന്തം പേരിലാക്കിയിട്ടില്ലെന്നതു നഷ്ടപരിഹാരത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതു ക്ലേശകരമാക്കും. ഫ്ളാറ്റുകളില്‍ പലതിനും താത്കാലിക കെട്ടിട നമ്പര്‍ (അണ് ഓതറൈസ്ഡ് നമ്പര്‍) ആണെന്നാണ് നിഗമനം. ഓതറൈസ്ഡ് നമ്പര്‍ ലഭിക്കാത്തതിനാലാണു കൈവശാവകാശ രേഖയില്‍ പേരു മാറ്റാതിരുന്നതെന്നു കരുതുന്നു.
ഇപ്പോഴത്തെ നിലയ്ക്കു ബില്‍ഡര്‍മാര്‍രാണ് ഈ അപ്പാര്‍ട്ട്മെന്റുകളുടെ ഉടമകള്‍. അവര്‍ക്കു നഷ്ടപരിഹാരം അവകാശപ്പെടാനാകില്ല. പണം നല്കി വാങ്ങിയ ഉടമയ്ക്കു നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ റവന്യു, മുനിസിപ്പാലിറ്റി രേഖകളില്‍ മാറ്റം വരുത്തണം. സങ്കീര്‍ണമായ ഈ പ്രശ്നത്തില്‍ എന്തു ചെയ്യണമെന്നു ജുഡിഷ്യല്‍ കമ്മിറ്റി വിശദമായി പരിശോധിക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍, ഫ്ളാറ്റ് ഉടമകളുടെ പേരില്‍ കൈവശാവകാശ രേഖ നല്‍കണമെന്നു കമ്മിറ്റിക്കു നിര്‍ദ്ദേശിക്കാം. എന്നാല്‍ ഇതു നിയമക്കുരുക്കാകുമോ എന്ന ആശങ്കയുമുണ്ട്.
യു.എ. നമ്പറുകള്‍ മാറ്റി നല്കാന് കഴിയില്ലെന്നാണ് മുനിസിപ്പല്‍ ചട്ടത്തിലെ 242-ാം വകുപ്പില്‍ പറയുന്നത്. ഉടമസ്ഥാവകാശവും മാറ്റാന്‍ പറ്റില്ല. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം യു.എ. നമ്പറുകള്‍ റഗുലറാക്കിയ സംഭവങ്ങളുണ്ട്. ഈ ഫ്ളാറ്റുകളുടെ ഉടമകള്‍ നികുതിയടച്ച രസീതില്‍ യു.എ. നമ്പറാണെന്നു രേഖപ്പെടുത്തിയിട്ടില്ല. നഗരസഭകളില്‍ കെട്ടിടങ്ങള്‍ക്ക് ആദ്യം കൈവശരേഖയും തുടര്‍ന്ന് നമ്പറും നല്‍കും. രേഖ നല്‍കുന്നത് എന്‍ജിനീയറിംഗ് വിഭാഗവും നമ്പര്‍ നല്‍കുന്നത് റവന്യു വിഭാഗവുമാണ്. പഞ്ചായത്തുകളില്‍ എല്ലാം ഒരേയാളുകളാണു കൈകാര്യം ചെയ്യുക.
Read more
വൈദ്യുതി, വെള്ളം എന്നിവ ലഭിക്കാന്‍ മാത്രമാണ് യു.എ. നമ്പര്‍ നല്‍കുന്നത്. പിന്നീടുണ്ടാകുന്ന കോടതിവിധികള്‍ അവര്‍ക്ക് ബാധകമാണെന്ന ഉപാധിയുണ്ടാകും. ആല്‍ഫ വെഞ്ച്വേഴ്സിനും ജെയ്ന്‍ ഹൗസിംഗിനും 2012-ലാണ് നഗരസഭ യു.എ. നമ്പര്‍ നല്‍കിയത്. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ഗോള്‍ഡന്‍ കായലോരം എന്നിവയ്ക്കു റഗുലര്‍ നമ്പറിനും താത്കാലിക നമ്പറിനും വ്യത്യസ്ത രജിസ്റ്ററുകളാണുള്ളത്.