തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചവയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിക്കാന്‍ തീരുമാനിച്ച കൊച്ചി മരടിലെ ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടികള്‍ തുടങ്ങി. പൊളിക്കുന്നതിനായി അധികൃതര്‍ കൈമാറിയ രണ്ട് ഫ്‌ളാറ്റുകളില്‍ ഒന്നിലാണ് നടപടികള്‍ തുടങ്ങിയത്. പൊളിക്കുന്നതിനായി വിജയ സ്റ്റീല്‍ എന്ന കമ്പനി കരാര്‍ എടുത്ത ആല്‍ഫാ വെഞ്ചേഴ്‌സില്‍ തൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ പൂജ നടത്തി.
Read more
അതിനിടെ, നഗരസഭാ അടിയന്തര കൗണ്‍സില്‍ യോഗം ചേരുകയാണ്. ഫ്‌ളാറ്റ് ഉടമകളുടെ അന്തിമ നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനുള്ള സമിതി യോഗവും ഇന്നുണ്ടാകും. ചട്ടം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച മൂന്ന് നിര്‍മ്മാതാക്കളെ ഇന്നലെ മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ 18 കോടിയോളം രൂപയുടെ ആസ്തി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ഊര്‍ജ്ജിതമാക്കി. ആദ്യഘട്ടമെന്ന നിലയില്‍, ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെ 18 കോടിയോളം രൂപയാണു മരവിപ്പിച്ചത്.
നിര്‍മ്മാണക്കമ്പനികളുടെ മുഴുവന്‍ അക്കൗണ്ടുകളും മരവിപ്പിക്കാനും ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കു നാട്ടിലും വിദേശത്തുമുള്ള സ്വത്തുക്കളുടെ പൂര്‍ണവിവരം ആവശ്യപ്പെട്ട് റവന്യൂ, രജിസ്‌ട്രേഷന്‍, ആദായനികുതി വകുപ്പുകള്‍ക്കും കമ്പനി രജിസ്ട്രാര്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ഇവരുടെ വസ്തുവിവരങ്ങള്‍ കൈമാറാന്‍ വില്ലേജ് ഓഫീസുകളോടു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചു. മൂന്നു നിര്‍മ്മാണക്കമ്പനികളില്‍ രണ്ടെണ്ണം കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ അവയുടെ ആസ്തിവിവരങ്ങള്‍ രജിസ്ട്രാറാണു നല്‍കേണ്ടത്. ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ച്വേഴ്‌സ്, ജെയ്ന്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനികളുടെ ആസ്തിവിവരം ലഭ്യമാകുന്ന മുറയ്ക്ക് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരാതി ലഭിച്ചില്ലെങ്കിലും ഗോള്‍ഡന്‍ കായലോരം നിര്‍മ്മാതാക്കള്‍ക്കെതിരേ സ്വമേധയാ കേസെടുക്കാനാണു ക്രൈംബ്രാഞ്ച് നീക്കം.
മരടില്‍ ചട്ടം ലംഘിച്ച ബില്‍ഡര്‍മാര്‍, പ്രമോട്ടര്‍മാര്‍, വ്യക്തികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നു നഷ്ടപരിഹാരത്തുക ഈടാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണു നടപടി. തുക ഫ്‌ളാറ്റ് ഉടമകള്‍ക്കു കൈമാറണമെന്നും ഉത്തരവുണ്ട്.