മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഇന്ന് മുതല്‍ താമസക്കാര്‍ ഒഴിഞ്ഞു തുടങ്ങും. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ഫ്‌ളാറ്റ് ഉടമകള്‍ ഒഴിപ്പിക്കല്‍ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. മൂന്നാം തിയതി വരെയാണ് ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയാനുള്ള സമയപരിധി. പുനരധിവാസത്തിന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 510 ഫ്‌ളാറ്റുകളില്‍ ഏറ്റവും സൗകര്യപ്രദമായത് തിരഞ്ഞെടുത്ത് നഗരസഭയെ അറിയിക്കാന്‍ ഫ്‌ളാറ്റുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അനുയോജ്യമായ ഫ്‌ളാറ്റുകള്‍ കണ്ടെത്തി അറിയിച്ചാല്‍ എത്രയും വേഗം സാധനസാമഗ്രികള്‍ മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ചെലവും നഗരസഭ വഹിക്കും.
വിദേശത്തുള്ളവരുടെ സാധന സാമഗ്രികള്‍ മൂന്നാം തിയതി ഫ്‌ളാറ്റുകളില്‍ നിന്ന് മാറ്റി ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും. എട്ടാം തിയതിയോടെ പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് ഒമ്പതാം തിയതി ഫ്‌ളാറ്റുകള്‍ കമ്പനിക്ക് കൈമാറും. പതിനൊന്നാം തിയതിയോടെ പൊളിക്കല്‍ ആരംഭിക്കും. നിര്‍മ്മാതാക്കള്‍ക്കെതിരെ ഉടമകള്‍ നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഊര്‍ജ്ജിതമായിട്ടുണ്ട്.