ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കണം, സുരക്ഷ തങ്ങളുടെ വീടുകള്‍ക്കും വേണമെന്ന് മരട് പ്രദേശവാസികള്‍; പ്രതിഷേധം ശക്തം

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപ വീടുകള്‍ക്കുള്ള സുരക്ഷാ ഇന്‍ഷുറന്‍സ് തുകയില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇപ്പോഴത്തെ നിലയനുസരിച്ച് വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഇപ്പോഴത്തെ സ്‌കീം അനുസരിച്ച് വീടുകള്‍ക്ക് ചെറിയ തുകയേ കിട്ടുകയുള്ളുവെന്നും പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.

നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടെ മരട് ഫ്‌ളാറ്റുകള്‍ക്ക് സമീപമുള്ള വീടുകള്‍ക്ക് നല്‍കാനിരുന്ന ഇന്‍ഷുറന്‍സ് തുക 125 കോടിയില്‍ നിന്ന് 100 കോടി രൂപയായി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഉയര്‍ന്ന പ്രീമിയം നിരക്കാണ് ഇന്‍ഷുറന്‍സ് തുക കുറയ്ക്കാന്‍ കാരണമായി സര്‍ക്കാര്‍ പറയുന്നത്. ആറു മാസമാണ് ഇന്‍ഷുറന്‍സ് കാലാവധി.

അതേസമയം, മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ നാട്ടുകാരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന എഡിഫൈസിന്റെയും വിജയ സ്റ്റീല്‍സിന്റെയും പ്രതിനിധിയാണ് യോഗത്തിനെത്തിയത്. ഇതോടെ നാട്ടുകാര്‍ ഇറങ്ങിപ്പോയി.. തുടര്‍ന്ന് ആല്‍ഫ വെഞ്ചേഴ്‌സ് ഫ്‌ളാറ്റിന് സമീപത്തെ വീടുകളില്‍ സര്‍വേയ്‌ക്കെത്തിയ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളെ നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു.