മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ ദ്രുതഗതിയില്‍; പാർക്കിംഗ് കേന്ദ്രം ഇടിച്ചു നിരത്തി

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കി അധികൃതർ. ഫ്ലാറ്റ് സമുച്ചയങ്ങളിലെ പാർക്കിംഗ് ഏരിയകൾ പൊളിച്ച് നീക്കിത്തുടങ്ങി. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്.

ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പ്രധാന കെട്ടിടത്തോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലമാണ് ഡിമോളിഷൻ എക്സ്കവേറ്ററുകൾ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഇരുമ്പു കമ്പികൾ വേർതിരിച്ചു മാറ്റിയിട്ടുണ്ട്. മറ്റ് പാർപ്പിട സമുച്ചയങ്ങളിലെ പാർക്കിംഗ് കേന്ദ്രങ്ങളും ഉടൻ പൊളിച്ച് നീക്കും. ഫ്ലാറ്റുകളിലെ വാതിലുകളും ജനലുകളും നീക്കുന്ന നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

സ്ഫോടക വസ്തുക്കൾ നിറയ്ക്കാനായി ദ്വാരങ്ങളിടുന്ന ജോലിയും ഉടൻ ആരംഭിക്കും. ജയിൻ കോറൽകേവ് കൂടാതെ ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ്സമുച്ചയങ്ങളും പൊളിക്കാനുള്ള ചുമതല എഡിഫസ് കമ്പനിക്കാണ്. ചെന്നൈ കേന്ദ്രമായ വിജയ് സ്റ്റീലാണ് ആൽഫ സെറിനിലെ ഇരട്ട ടവറുകൾ പൊളിക്കുക.

അതേസമയം കേസിൽ അറസ്റ്റിലായ നാല് പ്രതികളുടെ റിമാൻഡ് കാലാവധി നവംബർ 19 വരെ നീട്ടി. മരട് കേസിൽ അറസ്റ്റിലായ ഫ്ലാറ്റ് നിർമ്മാതാക്കളായ പോൾരാജ്, സാനി ഫ്രാൻസിസ്, മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, പി.ഇ ജോസഫ് എന്നിവരുടെ റിമാന്‍റ് കാലവധി മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ മാസം 19 വരെ നീട്ടി. ഭരണസമിതി അംഗങ്ങളുടെ ചോദ്യം ചെയ്യലും തുടരുകയാണ്.