കോഴിക്കോട് മറാട് കലാപകേസിലെ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. സ്‌ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങള്‍.
ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദ്ദീന്‍ നല്‍കണം. സര്‍ക്കാരിനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ ആര്‍ ആനന്ദ് ഹാജരായി. 2003 മേയ് 2 ന് ആയിരുന്നു ഒൻപത് പേർ മരിച്ച രണ്ടാം മാറാട് കലാപം. ഈ കേസില്‍ പ്രത്യേക കോടതി 63 പ്രതികളെയാണ് ഇതുവരെ ശിക്ഷിച്ചത്. കലാപത്തിലെ 76 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിൽ 24 പേര്‍ക്ക് കൂടി കേരള ഹൈക്കോടതി ശിക്ഷ വിധിച്ചിരുന്നു.
കലാപ ശേഷം ഒളിവില്‍ പോയ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്. 2011 ജനുവരി 23-ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ പിടിയിലാവുന്നത്. വിചാരണസമയത്ത് ഹൈദരാബാദിലേക്കുകടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍പ്പോവുകയായിരുന്നു. 2010 ഒക്ടോബര്‍ 15-നാണ് നിസാമുദ്ദീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാവുന്നത്.