മരടിൽ പൊളിച്ചുമാറ്റുന്ന ഫ്ലാറ്റുകളുടെ ഉടമകള്‍ക്ക് നൽകുന്ന നഷ്ടപരിഹാരത്തുക തങ്ങളിൽനിന്ന് പിടിച്ചെടുക്കരുതെന്ന് നിർമാതാക്കൾ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടു കെട്ടിയ നടപടി പിന്‍വലിക്കണമെന്നും സുപ്രീംകോടതി നോട്ടീസിന് നൽകിയ മറുപടിയിൽ ഗോള്‍ഡന്‍ കായലോരം അപ്പാര്ട്മെന്ഡ്സ് നിർമിച്ച കെ.പി വര്‍ക്കി ആന്‍ഡ് ബില്‍ഡേര്‍സ്, ആല്‍ഫ വെന്ച്വഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ ഉന്നയിച്ചു. ഈ മാസം 15ന് മരട് കേസിനൊപ്പം ഈ സത്യവാങ്മൂലങ്ങൾ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
മരട് ഗ്രാമപഞ്ചായത്ത് 2007ല്‍ പണി പൂര്‍ത്തിയാക്കണം എന്ന് ആവശ്യപ്പെട്ടതു പ്രകാരം നിർമാണം പൂര്‍ത്തിയാക്കിയതിന് ശേഷം പുതിയ കാരണം കാണിക്കല്‍ നോട്ടീസ് തങ്ങൾക്ക് നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ മുഖേന ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കെ.പി വര്‍ക്കി ആന്‍ഡ് ബില്‍ഡേര്‍സ് ബോധിപ്പിച്ചു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും തങ്ങളെ വേട്ടയാടുകയാണ്.
സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്ക് അന്വേഷിക്കണമെന്നും കെ.പി വര്‍ക്കി ആന്‍ഡ് ബില്‍ഡേര്‍സ് ആവശ്യപ്പെട്ടു. തീരനിയന്ത്രണ മേഖല രണ്ടിലുൾപ്പെടുത്തി മരട് ഗ്രാമ പഞ്ചായത്ത് നല്കിയ രേഖയുടെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റുകള്‍ നിർമിച്ചതെന്ന് ആല്‍ഫ വെന്ച്വഴ്സ് അഡ്വ. കെ. രാജീവ് മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. ചട്ടലംഘനമുണ്ടെങ്കില്‍ സ്റ്റോപ് മെമ്മോ നല്കാന് പഞ്ചായത്തിന് ഹൈകോടതി അനുമതി നല്‍കിയിരുന്നു. എന്നാൽ, പഞ്ചായത്ത് നല്‍കിയില്ലെന്നും നൽകിയിരുന്നുവെങ്കില് നിര്‍മാണ പ്രവൃത്തി നടക്കില്ലായിരുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്. മരട് ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയി ഉയര്‍ത്തിയതോടെയാണ് തീരനിയന്ത്രണ മേഖല മൂന്നിൽ നിര്‍മാണം എന്ന സ്ഥിതിയിലായതെന്നും ആൽഫ പറയുന്നു.