ദേശാഭിമാനിയുടെ വ്യാജ വാർത്തയ്‌ക്കെതിരെ മറിയക്കുട്ടി ഇന്ന് കോടതിയെ സമീപിക്കും. അടിമാലി കോടതിയിലാണ് പരാതി നൽകുക. അഡ്വ. പ്രതീഷ് പ്രഭ മുഖേനയാണ് കോടതിയെ സമീപിക്കുന്നത്. യൂത്ത് കോൺഗ്രസാണ് കേസ് നടത്താൻ മറിയക്കുട്ടിക്ക് നിയമസഹായം നൽകുന്നത്.
ഇതിനിടെ ബിജെപി നേതാവ് സുരേഷ് ഗോപി ഇന്ന് മറിയക്കുട്ടിയെ സന്ദർശിച്ചു. ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുമെന്ന് സുരേഷ് ഗോപി ഉറപ്പു നൽകി. ബിജെപി പ്രാദേശിക നേതാക്കൾക്കൊപ്പമാണ് സുരേഷ് ഗോപി എത്തിയത്. അടിമാലിയിലെ ഇരുനൂറ് ഏക്കറിലെ വീട്ടിലെത്തിയാണ് സന്ദർശനം.
പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്സർലണ്ടിലാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ വസ്തുതാപരിശോധന നടത്താതെ ദേശാഭിമാനി വാർത്തയാക്കുകയായിരുന്നു.
എന്നാൽ ഈ പ്രചാരണം തെറ്റെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസർ പിന്നീട് മാറിയക്കുട്ടിക്ക് സാക്ഷ്യപത്രം നൽകി. മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
ഇതേ തുടർന്ന് മറിയക്കുട്ടിക്കെതിരെ നടന്ന വ്യാജപ്രചാരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നുവന്നു. പിന്നാലെ മറിയക്കുട്ടിക്കെതിരെ നല്‍കിയ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി രംഗത്തെത്തിയിരുന്നു. മറിയക്കുട്ടിക്കെതിരെ നല്‍കിയ വാര്‍ത്ത പിശകെന്ന് ദേശാഭിമാനി വ്യക്തമാക്കി.
Read more
എന്നാൽ ദേശാഭിമാനിയുടെ ഖേദപ്രകടനത്തിൽ മറിയക്കുട്ടി സംതൃപ്തയായിരുന്നില്ല. ദേശാഭിമാനിയുടെ ഖേദപ്രകടനത്തിന് ശേഷവും വിഷയത്തില്‍ കോടതിയിലേക്കെന്ന ഉറച്ച നിലപാടാണ് മറയിക്കുട്ടി സ്വീകരിച്ചത്. ഖേദപ്രകടനം കൊണ്ട് കാര്യമില്ല, അതില്‍ ആത്മാര്‍ത്ഥതയില്ല, തന്നോട് ചോദിക്കേണ്ടിയിരുന്നില്ലേ, കോടതിയില്‍ പോകും, എന്നായിരുന്നു മറിയക്കുട്ടിയുടെ നിലപാട്.