കൊല്ലം പാരിപ്പള്ളിയിൽ റോഡരികിലെ പുരയിടത്തിൽ വെച്ച് കച്ചവടം ചെയ്ത വയോധികയുടെ മത്സ്യം പൊലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില പ്രാദേശിക മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തിയതാണെന്നും മുഖ്യമന്ത്രി സഭയിൽ അവകാശപ്പെട്ടു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് മേധാവിയ്ക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. പാരിപ്പള്ളി പൊലീസ് തന്റെ മത്സ്യം നശിപ്പിച്ചുവെന്നായിരുന്നു അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിലെ ചെറുകിട മത്സ്യവില്പനക്കാരി മേരിയുടെ ആരോപണം. ഇതിനുമുമ്പ് രണ്ട് തവണ പൊലീസ് തന്റെ കച്ചവടം വിലക്കിയിരുന്നുവെന്നും മേരി ആരോപിച്ചിരുന്നു.
Read more
രണ്ട് ദിവസം മുമ്പാണ് പൊലീസ് സ്ഥലത്തെത്തി മത്സ്യം വലിച്ചെറിഞ്ഞത്. 16,000 രൂപ മുടക്കി വാങ്ങിയ മത്സ്യത്തിൽ, 500 രൂപയ്ക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും മേരി പറഞ്ഞിരുന്നു. പലകയുടെ തട്ടിൽ വെച്ചിരുന്ന മത്സ്യം തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ്, വലിയ പാത്രത്തിൽ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞുവെന്നും മേരി പറഞ്ഞിരുന്നു.