മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കും നോട്ടീസ് അയച്ച് ഹൈക്കോടതി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻ്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങൾ ഹാജരാക്കണമെന്നാണ് നിർദേശം. ഹർജി മെയ് 27 ന് വീണ്ടും പരിഗണിക്കും.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കവെയായിരുന്നു നിർദേശം. പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വടക്കൻ പറവൂർ സ്വദേശി എം ആർ അജയനാണ് ഈ ഹർജി ഹൈക്കോടതിയിൽ നൽകിയത്. എസ്എഫ്ഐഒ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു എന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.

അവധിക്കാല ബെഞ്ചിങ് കഴിഞ്ഞ് പൂർണമായും സിറ്റിംഗ് ആരംഭിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട വിശദമായ വാദം ഹൈക്കോടതി കേൾക്കും. ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻ്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടുക. ആദായനികുതി വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം. മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു ഉള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Read more