മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജികിനെതിരെ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. താൻ എക്സാലോജിക്കിന്റെ പ്രവർത്തനം ദുരൂഹമാണെന്ന് പറഞ്ഞപ്പോൾ പ്രതിരോധം തീർത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ഇപ്പോൾ എന്താണ് പറയാൻ ഉള്ളതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.
അന്ന് രണ്ടു കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണെന്ന് ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രതികരണം ഈ ഘട്ടത്തിൽ എന്താണെന്ന് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കേന്ദ്രസർക്കാരിന്റെ നടപടിയിലും അസ്വഭാവികമായതൊന്നും ഇല്ലെന്ന നിലപാട് തന്നെയാണോ റിയാസിനുള്ളത് എന്നറിയാൻ താത്പര്യമുണ്ട്.
സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നു. അത് തന്നെയാണ് എക്സാലോജിക്കും ചെയ്തത്. സിഎംആർഎല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതവും വ്യവസായ വികസന കോർപറേഷന് അവകാശപ്പെട്ടതാണ്. എന്നാൽ സിഎംആർഎൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെച്ചു, പണം വഴിമാറ്റി കീശയിലാക്കുകയാണ് ചെയ്തത്. ഇതിന് കെഎസ്ഐഡിസി കൂട്ടുനിന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെഎസ്ഐഡിസിയുടെ നിലപാട് എന്തായിരുന്നു എന്ന് പൊതുസമൂഹത്തോട് പറയേണ്ട ബാധ്യത വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനുണ്ടെന്നും അത് പറയണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
സർക്കാരിന് അവകാശപ്പെട്ട 14 ശതമാനം ലാഭവിഹിതം നൽകാതെ തട്ടിപ്പ് കാണിച്ച സിഎംആർഎൽ കമ്പനിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് മന്ത്രി പറയണം. സർക്കാരിനെതിരെ വിശ്വസനീയമായ തെളിവുകൾ പലപ്പോഴായി വന്നിട്ടും യഥാർത്ഥത്തിൽ കേന്ദ്രസർക്കാർ അധികാരം പ്രയോഗിക്കാൻ തയ്യാറായിട്ടില്ല. ആത്യന്തികമായ നീതി കോടതിയിൽ നിന്നേ ലഭിക്കൂ. അന്വേഷണത്തിലൂടെ ആർഒസി സത്യങ്ങൾ പുറത്തു കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.
എക്സാലോജിക് നിരവധി കമ്പനികളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. സേവനം നൽകാതെയാണ് പണം കൈപ്പറ്റിയത്. ചെലവുകൾ പെരുപ്പിച്ച് കാണിച്ച് സിഎംആർഎൽ നഷ്ടത്തിലാണെന്ന് കാണിച്ചത് പോലെയാണ് എക്സാലോജികും തട്ടിപ്പ് നടത്തിയത്. നിയമവ്യവസ്ഥയ്ക്ക് ഉള്ളിൽ നിന്ന് എല്ലാ പോരാട്ടവും നടത്തുമെന്നും മാത്യു കുഴൽനാടൻ അറിയിച്ചു.