സ്വപ്‌നയുടെ ആരോപണം തെറ്റാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍; ഉപദേശം വേണ്ടെന്ന് മുഖ്യമന്ത്രി; ലൈഫ് മിഷനില്‍ വാക്‌പോര്; സഭ നിര്‍ത്തിവെച്ചു

ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബഹളം. എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. പിന്നാലെ വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയതോടെ സഭ നിര്‍ത്തിവച്ചു.

മാത്യു കുഴല്‍നാടനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ വാദ പ്രതിവാദമാണ് ബഹളത്തിന് കാരണമായത്. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്ന് മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. ഏറ്റവും ശാസ്ത്രീയമായ അഴിമതിയാണിതെന്നും മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്നയും ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു.

എന്നാല്‍ മാത്യു കുഴല്‍നാടന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തന്നെ സ്വപ്ന കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇഡി കൊടുത്ത റിപ്പോര്‍ട്ട് തെറ്റെന്ന് പറയാമോ എന്ന് മാത്യു കുഴന്‍നാടന്‍ ചോദിച്ചു. തെറ്റാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം, പ്രതിപക്ഷം ഒപ്പം നില്‍ക്കാമെന്നും വ്യക്തമാക്കി.

കുഴല്‍നാടന്റെ ഉപദേശം വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശാന്തരാകാന്‍ സ്പീക്കര്‍ നല്‍കിയ നിര്‍ദേശത്തെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തള്ളിയതോടെയാണ് സഭ നിര്‍ത്തി വെച്ചു.