മുഖ്യമന്ത്രിയുടെ മകളെ കുറിച്ചുള്ള ആരോപണത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും ആവശ്യമെങ്കിൽ തെളിവുകൾ പുറത്തുവിടുമെന്നും മാത്യു കുഴൽനാടൻ. സ്വർണകടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൻറെ ചർച്ചയ്ക്കിടയിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടത്തിയ ആരോപണങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
നിയമ സഭയിലെ ചർച്ചയ്ക്കുള്ള മറുപടിക്കിടെ തൻറെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് മാത്യു കുഴൽനാടൻറെ പ്രതികരണം. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയാണ് സ്വപ്നയെ നിയമിച്ചത്. പി.എസ്.സി. ഉദ്യോഗാർഥികൾ സമരം ചെയ്യുമ്പോൾ ഒന്നര ലക്ഷം രൂപ ശമ്പളം നൽകിയാണ് സ്വപ്നയെ പി.ഡബ്ല്യു.സി. നിയമിച്ചത്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിൻ്റെ വെബ്‌സൈറ്റിൽ ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് വീണ കുറിച്ചിരുന്നു. പി.ഡബ്ലയു.സി. ഡയറക്ടറായിരുന്നു ബാലകുമാർ. വിവാദങ്ങൾ ഉയർന്ന് വന്നപ്പോൾ വെബ്‌സൈറ്റ് അപ്രത്യക്ഷമായി.
Read more
കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങൾ വീണ മാറ്റിയിരുന്നുവെന്നും വീണയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിയാണ് ഇക്കാര്യം പറയുന്നതെന്നുമാണ് മാത്യൂ കുഴൽനാടൻ പറഞ്ഞത്.