ധനമന്ത്രി പറഞ്ഞത് കള്ളം; വീണ വിജയന് സേവന നികുതി രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നെന്ന് മാത്യു കുഴല്‍നാടന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയ പണത്തിന് നികുതി അടച്ചെന്ന വാദം തെറ്റെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. വിവരാവകാശ രേഖകള്‍ പങ്കുവച്ചായിരുന്നു മാത്യു കുഴല്‍നാടന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.

സിപിഎം ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ കൊണ്ട് നുണ പറയിച്ചതാണെന്നും എംഎല്‍എ പറഞ്ഞു. നികുതി അടച്ചെന്ന സിപിഎം വാദം തെറ്റാണെന്ന് തെളിയിച്ചാല്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്ന് സിപിഎം അംഗീകരിക്കുമോയെന്ന് താന്‍ നേരത്തെ ചോദിച്ചിരുന്നു. ധനമന്ത്രിയെ രംഗത്തിറക്കിയത് നികുതിയടച്ചു എന്ന് തെളിയിക്കാനായിരുന്നുവെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

ജിഎസ്ടി വരുന്നത് 2017ല്‍ ആണ്. അതിനു മുമ്പ് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷനായിരുന്നു. സര്‍വീസ് ടാക്സ് രജിസ്‌ട്രേഷനില്‍ നിന്നും ജിഎസ്ടിയിലേക്ക് മാറുമ്പോള്‍ ട്രാന്‍സിഷന്‍ ഫോമാണ് ഫയല്‍ ചെയ്യേണ്ടത്. താന്‍ ഉന്നയിച്ച വാദം തെളിയിക്കാനായി വിവരവാകാശപ്രകാരം അപേക്ഷ നല്‍കിയെന്നും എംഎല്‍എ പറഞ്ഞു.

വീണയുടെ സേവനനികുതി രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍ ജിഎസ്ടി പോര്‍ട്ടലില്‍ ലഭ്യമല്ല. വീണ മുന്‍പ് സേവനനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തതാണോ അല്ലയോ എന്ന് കണ്ടെത്താന്‍ കഴിയില്ല. വീണ നല്‍കിയ സേവനനികുതി വകുപ്പിന്റെ വിശദാംശങ്ങള്‍ ഈ ഓഫീസില്‍ ലഭ്യമല്ല എന്നായിരുന്നു ലഭിച്ച മറുപടി. ഇതോടെ ജിഎസ്ടിക്കു മുമ്പ് വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നു എന്നാണ് വ്യക്തമാകുന്നതെന്നും കുഴല്‍നാടന്‍ പറഞ്ഞു.