ഡിസി ബുക്സ് ചെയ്തത് കൊടും ചതിയും വഞ്ചനയും; ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി മാതൃഭൂമിക്ക്; വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി ഇപി ജയരാജന്‍

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി മാതൃഭൂമി ബുക്കിന്. ഡിസി ബുക്കിന്റെ അവകാശവാദങ്ങള്‍ തള്ളിയാണ് മാതൃഭൂമി ഇപിയുടെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അവകാശം നേടിയെടുത്തിരിക്കുന്നത്.

പുസ്തകം വിഷുവിനോട് അനുബന്ധിച്ച് പുറത്തിറങ്ങുമെന്നും പ്രസിദ്ധീകരണാനുമതി നല്‍കിയതായും ജയരാജന്‍ തിരുവനന്തപുരത്തെ മാതൃഭൂമി സാഹിത്യോത്സവ വേദിയില്‍ വ്യക്തമാക്കി.

തന്നോട് ഡിസി ബുക്സ് ചെയ്തത് കൊടും ചതിയും വഞ്ചനയുമാണ്. എന്നെ വ്യക്തിപരമായും പാര്‍ട്ടിയെയും തകര്‍ക്കുന്നതിനുവേണ്ടിയുള്ള ഗൂഢശ്രമമാണ് ഡിസി നടത്തിയത്. പക്ഷേ അന്നുതന്നെ ഞാന്‍ വിഷയത്തില്‍ ഇടപെട്ടതുകൊണ്ട് കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായി.

ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ‘കട്ടന്‍ചായയും പരിപ്പുവടയും -ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ഇപി ജയരാജന്റെ ആത്മകഥയെന്ന രീതിയില്‍ ഡിസിബുക്ക്‌സ് ചില ഭാഗങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതു പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഡിസിക്കെതിരെ ഇപി ജയരാജന്‍ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഡിസിയുടെ പ്രസിദ്ധീകരണ വിഭാഗത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.