ഇന്ത്യയിൽന്നെ മേയർ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. സിപിഎം പ്രവർത്തകയായ ആര്യയുടെ രാഷ്ട്രീയ ഇടപെടലുകളും, മേയർ പദവിയും, എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹം ഉൾപ്പെടെ വ്യക്തിജീവിതവുമെല്ലാം എന്നും വാർത്തകളായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വിധേയയായിട്ടുള്ള വ്യക്തികൂടിയാണ് ആര്യ.
ഇപ്പോഴിതാ മേയർ ആര്യാ രാജേന്ദ്രന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൈക്കുഞ്ഞുമായി ഓഫീസിൽ ജോലിചെയ്യുന്ന ആര്യയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. ഒരു ജന പ്രതനിധി, അമ്മയായിട്ടും കുഞ്ഞിനെയുമായി വന്ന് തന്റെ ജോലി ചെയ്യുന്നതിനെ മഹത്വവത്കരിച്ചും, മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചും സൈബറിടത്തിലെ ഇടത് പ്രൊഫൈലുകൾ വാദിക്കുമ്പോൾ അതിനെ എതിർത്തും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.
മുൻപ് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ കുഞ്ഞുമായി പരിപാടിയിൽ പങ്കെടുത്തതിനെ വിമർശിച്ചവർ പലരും മേയറുടെ ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. കൃത്യമായ രാഷ്ട്രീയ നാടകമാണ് ഈ ചിത്രം വച്ച് ഇടതുപ്രൊഫൈലുകളിലൂടെ നടത്തുന്നതെന്നാണ് പ്രധാന വിമർശനം. കുഞ്ഞിനെ ആരെയെങ്കിലും ഏൽപ്പിക്കാൻ കഴിയാത്ത ആളല്ല മേയർ എന്നിട്ടും ഇത്തരത്തിൽ കുട്ടിയെ കയ്യിലെടുത്ത് ജോലി ചെയ്യുന്നു. അതിന്റെ ചിത്രം എടുത്ത് പ്രചരിപ്പിക്കുന്നു എന്നതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയാണ് പലരും.
മേയറെപ്പോലെ അധികാരസ്ഥാനത്തിരിക്കുന്ന സ്ത്രീയുടെ സാഹചര്യം ഇതാണെങ്കിൽ നാളെ കൈക്കുഞ്ഞുമായി ജോലിസ്ഥലത്ത് എത്തേണ്ടിവരുന്ന അമ്മമാരുടെ എണ്ണം കൂടുമെന്നും, സാധാരണ സ്ത്രീകളുടെ അവസ്ഥയെന്താണെന്നും ആളുകൾ ചോദിക്കുന്നുണ്ട്. ഒരു വശത്ത് വ്യക്തിഹത്യ നടത്തുന്നവെന്ന് പറഞ്ഞ് പ്രതിരോധിക്കുന്നവർ മറുവശത്ത് മാതൃത്വം അടക്കമുള്ള കാര്യങ്ങളെ പബ്ലിസിറ്റിക്ക് ഉപോഗിക്കുന്നതായും വിമർശനം ഉയരുന്നുണ്ട്.
Read more
ഈ ചിത്രങ്ങളും , പ്രചാരണങ്ങളുമൊന്നും സ്ത്രീകൾക്ക് ഗുണകരമായ സന്ദേശമല്ല നൽകുന്നതെന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കുഞ്ഞിനെ നോക്കേണ്ടത് അമ്മ മാത്രമാണെന്ന് പറഞ്ഞു വയ്ക്കുന്നു. കുഞ്ഞിനെ നോക്കുന്നതിൽ നിന്ന് അച്ഛൻ സ്വതന്ത്രനാണെന്നു പറയാതെ പറയുന്നു എന്നീ വിമർശനങ്ങളും മേയറുടെ ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.