ക്വിറ്റ് ഇന്ത്യാ വാര്‍ഷിക പരിപാടിയില്‍ നിന്ന് വിട്ടു നിന്ന് മേയര്‍ ബീനാ ഫിലിപ്പ്

സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് പരിപാടികളില്‍ നിന്നും വിട്ട് നിന്ന് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. പി.ആര്‍.ഡിയും മലബാര്‍ ക്രിസ്ത്യന്‍ കോളജും ചേര്‍ന്ന് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ വാര്‍ഷികാചരണ പരിപാടിയില്‍ നിന്നാണ് മേയര്‍ വിട്ടുനിന്നത്.

മേയറായിരുന്നു പരിപാടിയുടെ ഉദ്ഘാടക. എന്നാല്‍ മേയറുടെ അസാന്നിധ്യത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചത്. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് മേയര്‍ എത്താതിരുന്നത്. പരിപാടിയില്‍ നിന്നും മനപൂര്‍വ്വം വിട്ടുനിന്നതല്ലെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ഇക്കാര്യം സംഘാടകരെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ പങ്കെടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വിഷയം അടുത്ത ദിവസം ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും. മേയറുടെ നടപടിയില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലാപാടുകള്‍ക്ക് കടകവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി സിപിഎം മേയറെ പരസ്യമായി തള്ളിയിരുന്നു.

Read more

മേയര്‍ വിവാദം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും പരിചയക്കുറവ് ആകാം പരിപാടിയില്‍ പങ്കെടുക്കാന്‍ കാരണമെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് പാര്‍ട്ടിയോട് ആലോചിക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം രാഷ്ട്രീയം നോക്കിയല്ല കുറെ അമ്മമാര്‍ വിളിച്ചപ്പോള്‍ പോയതാണ്. പോകേണ്ടതില്ലായിരുന്നുവെന്ന് തോന്നുന്നുവെന്നും മേയര്‍ പ്രതികരിച്ചിരുന്നു.