മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവറും മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. ബസ് നടുറോഡില്‍ തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചതിനും ഇതേ കുറിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്എച്ച്ഒയ്ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കെഎസ്ആര്‍സി ഡ്രൈവര്‍ നേമം സ്വദേശി എച്ച്എല്‍ യദു സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍ പേഴ്‌സണ്‍ കെ ബൈജുനാഥ് ഉത്തരവിട്ടത്.

ആര്യ രാജേന്ദ്രന്‍, സച്ചിന്‍ദേവ്, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് നേമം സ്വദേശി എച്ച്എല്‍ യദുവിന്റെ പരാതി. ഏപ്രില്‍ 27ന് ആയിരുന്നു വിവാദങ്ങള്‍ക്ക് കാരണമായ സംഭവം നടന്നത്.