മാണി സി.കാപ്പന്‍ എം,എല്‍,എയുടെ പെഴ്‌സനല്‍ സ്റ്റാഫ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തു; അന്വേഷണം

പാലാ എംഎല്‍എ മാണി സി.കാപ്പന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം അപകടത്തില്‍ മരിച്ച വാഹനത്തില്‍ നിന്നും ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തു. ഏറ്റുമാനൂര്‍ ബൈപാസില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) മരിക്കുന്നത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടില്‍നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴി ഏറ്റുമാനൂര്‍ ബൈപാസില്‍ വച്ചാണ് അപകടം.

രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന കാര്‍ തെന്നിത്തെറിച്ച് അതുവഴി ചരക്ക് കയറ്റിവന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കാറിന്റെ പിന്‍സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കു പരുക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുക്കുന്നത്. 5 മില്ലിഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് ഏറ്റുമാനൂര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read more

ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രാവിലെ തന്നെ കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ വിവരം ലോക്കല്‍ പൊലീസ് അറിയിച്ചിരുന്നുവെന്ന് കോട്ടയം എസ്.പി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.