കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ യുവതി പൊലീസ് കസ്റ്റഡിയിൽ. കുഞ്ഞിനെ തട്ടിയെടുത്ത കളമശേരി സ്വദേശി നീതുവാണ് (23) അറസ്റ്റിലായത്. ഇവർക്കൊപ്പം മറ്റൊരു ആൺ കുട്ടിയുമുണ്ട്. നീതുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്ന് മൂന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടുപോയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആശുപത്രി പരിസരത്തെ ഒരു ഹോട്ടലിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പൊലീസ് നടത്തിയ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിയെ കണ്ടെത്തിയത്. എസ് ഐ റനീഷിന്റെ നേതൃത്വത്തിലാണ് കുഞ്ഞിനെ കണ്ടെത്തി മാതാവിന് കൈമാറിയത്.
Read more
നഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ചികിത്സയ്ക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും വാങ്ങിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് ഹോട്ടലിൽ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിക്കുന്നത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ കടത്താൻ ശ്രമിച്ച സ്ത്രീക്ക് പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് സ്ഥലത്തെത്തിയ മന്ത്രി വി.എൻ വാസൻ പറഞ്ഞു.