'മാധ്യമങ്ങൾ വിവാദ നിർമ്മാണ ശാലയായി, കേരളത്തിലെ ജനങ്ങളും സർക്കാരും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു'; വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു. മാധ്യമങ്ങൾക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. മാധ്യമങ്ങള്‍ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേൾക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്.

ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സത്യാവസ്ഥ സർക്കാർ വാർത്താ കുറിപ്പിലൂടെ അറിയിച്ചെങ്കിലും അത് എവിടെയും എത്തിയില്ല. അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

വയനാട്ടില്‍ ദുരന്തത്തില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കി. ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. 173 പേരുടെ സംസ്‌കാരചടങ്ങുകള്‍ക്കായി കുടുംബത്തിന് 10000 രൂപ വീതം നല്‍കി. പരുക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ തുടര്‍ന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായം നല്‍കി. 1013 കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10000 രൂപ വീതം സഹായം നല്‍കി. 1694 പേര്‍ക്ക് 30 ദിവസം 300 രൂപ വീതം നല്‍കി. 33 കിടപ്പുരോഗികള്‍ക്ക് 2,97,000 രൂപ നല്‍കി. 722 കുടുംബങ്ങള്‍ക്ക് പ്രതിമാസവാടക 6000 രൂപ നല്‍കി എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അനർഹമായ സഹായം നേടിയെടുക്കാൻ കേരളം ശ്രമിക്കുന്നു എന്ന വ്യാജ കഥ ജനം വിശ്വസിച്ചതാണ് ഇതിന്‍റെ അന്തിമ ഫലം. കേരളത്തിലെ ജനങ്ങളും സർക്കാരും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. മാധ്യമ നുണകൾക്ക് പിന്നിലെ അജണ്ടയാണ് ചർച്ചയാകേണ്ടത്. വയനാട്ടിലെ രക്ഷാപ്രവർത്തനം ലോകം പ്രകീർത്തിച്ചതാണ്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാതെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാര്‍ത്തകളുടെ ദുഷ്ട ലക്ഷ്യം. ഇത് നശീകരണ മാധ്യമ പ്രവർത്തനമാണ്. ഇത് സമൂഹത്തിന് ആപത്താണ്. മാധ്യമങ്ങൾ വിവാദ നിർമ്മാണ ശാലകളാകുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കച്ചവട രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് മാധ്യമ പ്രവർത്തനം അധഃപതിച്ചു. ഏത് വിധത്തിലും സർക്കാർ വിരുദ്ധ വാർത്ത കൊടുക്കുന്നതിനിടെ ദുരന്ത ബാധിതരായ ജനങ്ങളെ പോലും മറന്നു. ആർക്കെതിരെയാണോ വാർത്ത അതിന് മുൻപ് അവരോട് വിശദീകരണം ചോദിക്കണമെന്നത് അടിസ്ഥാന ധർമ്മമാണ്. അത് പോലും മാധ്യമങ്ങള്‍ വിസ്മരിച്ചു. മെമ്മോറാണ്ടത്തിലെ കാര്യങ്ങൾ മനസിലാക്കിയില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കാനുള്ള സത്യസന്ധത കാണിക്കണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സർക്കാരിനെ ജനങ്ങൾക്കെതിരാക്കുക എന്ന ലളിത യുക്തിയിലാണ് വാർത്ത വളച്ചൊടിച്ചത്.

മുൻപ് വരൾച്ച മുതൽ പുറ്റിങ്ങൾ വെടിക്കെട്ട് അപകടം വരെയുള്ള കാര്യങ്ങളിൽ സമർപ്പിച്ച മെമ്മോറാണ്ടങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ ദുരന്ത നിവാരണ സമിതി വെബ്സൈറ്റിലുണ്ട്. പരമാവധി കേന്ദ്ര സഹായത്തിനാണ് ശ്രമിച്ചത്. മലയാളികൾ കൂട്ടായ്മ കൊണ്ട് ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോ അതിന് തുരങ്കം വെക്കുന്ന പണിയാണ് മാധ്യമങ്ങൾ കാണിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. മാനദണ്ഡങ്ങൾ വച്ച് വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി എഴുതി വെച്ചത്. എസ്‍ഡിആർഎഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് 219 കോടി മാത്രമാണ് കേരളത്തിന് ചോദിക്കാനായത്. പുനർ നിർമ്മാണത്തിന് 2000 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ഈ വിവാദം വരുന്നത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവഴിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു കണക്കുകളും മനക്കണക്കായല്ല തയാറാക്കുന്നത്. മെമ്മോറാണ്ടത്തിൽ ഒരിടത്തും കണക്കുകൾ പെരുപ്പിച്ച് കാട്ടിയിട്ടില്ല. സംസ്ഥാനത്തിന് പരമാവധി സഹായം ലഭിക്കാനാണ് മെമ്മോറാണ്ടം സമർപ്പിച്ചത്. ശവസംസ്കാര ചെലവുകളിൽ അതിനാവശ്യമായ ഭൂമി വാങ്ങുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് ചെലവുകൾ തയാറാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സർക്കാരിനെതിരെ മാത്രമല്ല, ഹിതകരമല്ലാത്ത രാഷ്ട്രീയത്തിനും വ്യക്തികൾക്കെതിരെയും മാധ്യമങ്ങള്‍ വ്യാജ വാർത്ത നൽകുന്നു. കെവിൻ കേസിൽ തെരഞ്ഞെടുപ്പ് ദിവസം ഡിവൈഎഫ്ഐക്കെതിരെ വ്യാജ വാർത്ത നൽകി. ഓമനക്കുട്ടനെതിരെ പ്രളയകാലത്ത് വാർത്ത നൽകി. ഓമനക്കുട്ടനെ ദുരിതാശ്വാസ ക്യാമ്പിലെ വട്ടിപ്പിരിവുകാരനാക്കി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതിൽ എന്താണ് സംഭവിച്ചത്. എകെജി സെന്റർ ആക്രമണ കേസിൽ അവസാനം ആരാണ് അറസ്റ്റിലായത്. മാധ്യമ പ്രവർത്തനത്തിന്‍റെ മാനം മാറുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

വ്യക്തികളെയും രാഷ്ട്രീയ പാർട്ടികളെയും ആക്രമിക്കുന്നതിൽ പുതുമയില്ല. ഇവിടെ ഒരു നാടിനെ തന്നെയാണ് മാധ്യമങ്ങള്‍ ആക്രമിക്കുന്നത്. ദുരിതാശ്വാസ നിധിയെ തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു. എത്ര പാവപ്പെട്ട മനുഷ്യരെയാണ് ഇത്തരം വാർത്തകള്‍ ബാധിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2135 കോടി ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്തു. മാധ്യമങ്ങൾ മാത്രമല്ല വ്യാജ പ്രചാരണത്തിലെ പങ്കാളികൾ. സാലറി ചലഞ്ചിനെ പോലും തോൽപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍