വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സംസ്ഥാന കമ്മിറ്റി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്ന പൊലീസ് നടപടിക്കെതിരെയും കെയുഡബ്ല്യുജെ പ്രതിഷേധം അറിയിച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം വഴുതക്കാട്ടെ ഡിജിപി ഓഫിസിലേക്ക് നാളെ പ്രതിഷേധ സമരം നടത്തും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും.
യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെപി റജി അധ്യക്ഷനാകും. ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാല്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി ശിവന്‍കുട്ടി, സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കളും മുതിര്‍ന്ന പത്രപ്രവര്‍ത്തകരും പങ്കെടുക്കും.