Connect with us

KERALA

സുധീര പക്ഷത്തേക്ക് ചാഞ്ഞ് നേതാക്കള്‍; ഉണ്ണിത്താന്‍ വക്താവ് സ്ഥാനം ഒഴിയുന്നു; ‘കോണ്‍ഗ്രസിനു വേണ്ടി വാദിക്കാന്‍ ഇനി ചാനലുകളില്‍ എത്തില്ല’

, 5:17 pm

വിഎം സുധീരന് പിന്നാലെ നേതൃത്വത്തിനെതിരെ കലഹവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിന്റെ വക്താവ് സ്ഥാനത്തു നിന്നും തന്നെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പുകാരുടെ ഇംഗിതത്തിന് ഇനി വര്‍ത്തമാനം പറയാനാവില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി.

ഓരോരുത്തര്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ അവരുടെ ഗ്രൂപ്പായി ചിത്രീകരിക്കുന്നു. തന്നെ വക്താവാക്കാന്‍ സഹായിച്ചത് ശശി തരൂരെന്നും ഉണ്ണിത്താന്‍ പറഞ്ഞു. വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തില്‍ ഉണ്ണിത്താനും ഹസ്സനും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഉണ്ണിത്താനെ വക്താവ് ആക്കരുതെന്ന് പറഞ്ഞ ഹസന്, തന്നെ നിയമിച്ചത് ഹൈക്കമാന്‍ഡെന്ന വാദമായിരുന്നു മറുപടി.

കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്റെ പരസ്യ പ്രസ്താവന വിലക്ക് ലംഘിച്ച് കൊണ്ട് വിഎം സുധീരന്‍ രാവിലെ പത്രസമ്മേളനം നടത്തിയിരുന്നു. ഗ്രൂപ്പ് മനേജര്‍മാര്‍ പാര്‍ട്ടിയെ എങ്ങനെ നശിപ്പിച്ചുവെന്ന് വിശദീകരിച്ച പത്രസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. താന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നെങ്കില്‍ മറ്റു ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ശുദ്ധികലശമാണ് താന്‍ ആഗ്രഹിക്കുന്നത്. അതിന് കാത്തിരിക്കാന്‍ പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിക്കാന്‍ തനിക്ക് യുവ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.