പാകിസ്ഥാന് ഗുണമുള്ള വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് മീഡിയാ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജമ്മു കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ശരിയല്ലെന്നാണ് മീഡിയാ വണ്‍ പറഞ്ഞത്. കാശ്മീരില്‍ ഇന്ത്യ ഭീകര പ്രവര്‍ത്തനം നടത്തുകയാണെന്നും ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു എന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാകിസ്ഥാന് ഗുണമാകുന്നതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ ഇത്തരം വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് വിലക്ക് വന്നത്. ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കണമായിരുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തിന്റെ ചാനല്‍ ആണെങ്കിലും അല്ലെങ്കിലും നമ്മുടെ രാജ്യത്തിന്റെ ഭരണഘടന പരിഗണിക്കണം. ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം എന്ത് കൊണ്ട് വ്യക്തമാക്കുന്നില്ല എന്ന ചോദ്യത്തിന് ആഭ്യന്തര രഹസ്യങ്ങള്‍ പത്രക്കാരോട് വിളിച്ചു പറയാന്‍ കോടതിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരായ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പരാമര്‍ശങ്ങളെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കേരളത്തിലെ സര്‍ക്കാരിനെയാണ് വിമര്‍ശിച്ചത്.എന്നാല്‍ മലയാളികളെ ആക്ഷേപിച്ചുവെന്ന് വരുത്തി തീര്‍ക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.